ഫാ ജോബ് ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഫാ ജോബ്‌ ചിറ്റിലപ്പള്ളി വധക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം സിബിഐ കോടതിയാണ്‌ പ്രതി തുരുത്തിപ്പറമ്പ്‌ പന്തല്‍ക്കൂട്ടം രഘുകുമാറിന്‌ ശിക്ഷവിധിച്ചത്. പ്രതിയില്‍ നിന്ന് 35000 രൂപ പിഴയായി ഈടാക്കാനും കോടതി വിധിച്ചു.

പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി പ്രതിയില്‍ നിന്ന് ഈടാക്കുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. ജീവപര്യന്തം ശിക്ഷ ഒരുമിച്ച്‌ അനുഭവിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരിയായിരുന്ന ഫാദര്‍ ചിറ്റിലപ്പള്ളി 2004 ഓഗസ്റ്റ് 28നാണ് കൊല്ലപ്പെട്ടത്. പരിസരവാസിയായ രഘുവാണ് കൊല നടത്തിയതെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്‌ ഒടുവില്‍ സിബിഐയ്ക്കു കൈമാറുകയായിരുന്നു. ഫാദര്‍ ചിറ്റിലപ്പള്ളിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. നേരത്തെ മറ്റൊരു കൊലക്കേസിലും രഘുകുമാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :