കോട്ടയം|
JOYS JOY|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (10:42 IST)
ഗായകനും സംഗീതസംവിധായകനുമായിരുന്ന അയിരൂര്‍ സദാശിവന്‍ അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ നെയ്ക്കച്ചിറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആയിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന മകന്‍ ശ്രീകുമാറിന് പരുക്കേറ്റു.
ചായം എന്ന സിനിമയിലെ ‘അമ്മേ അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര് ദൈവമാര്’ എന്ന ഗാനമാണ് അയിരൂര്‍ സദാശിവനെ മലയാളചലച്ചിത്ര ഗാനമേഖലയില്‍ ശ്രദ്ധേയനാക്കിയത്. ജി ദേവരാജന്‍ സംഗീതം നല്കിയ ഈ ഗാനം മലയാളത്തിലെ നിത്യഹരിതഗാനങ്ങളില്‍ ഒന്നാണ്.
പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ എന്ന ഗ്രാമത്തില്‍ 1939ല്‍ ആണ് സദാശിവന്‍ ജനിച്ചത്. സ്കൂള്‍ ഫൈനല്‍ പാസായ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് കെ എസ് കുട്ടപ്പന്‍ ഭാഗവതരുടെ വീട്ടില്‍ താമസിച്ച് സംഗീത അഭ്യസനം നടത്തി. തുടര്‍ന്ന് എം കെ അര്‍ജുനന്റെയൊപ്പം നാടകഗാനരംഗത്തു പ്രവര്‍ത്തിച്ചു.
കെ പി എ സിയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. സദാശിവന്‍ പാടിയ പ്രശസ്തമായ പാട്ടുകള്‍ ജി ദേവരാജന്‍ സംഗീതം നല്കിയത് ആയിരുന്നു. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ പുരസ്കാരം നേടിയിട്ടുണ്ട്.
ഭാര്യ: രാധ. മക്കള്‍: ശ്രീലാല്‍, ശ്രീകുമാര്‍