കണ്ണൂരിലെ റബര്‍ കര്‍ഷകന്‍ മാണിയുടെ നാട്ടിലെത്തി ആത്മഹത്യ ചെയ്തു

കോട്ടയം| JOYS JOY| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (13:44 IST)
റബ്ബര്‍വില കുറഞ്ഞതില്‍ മനംനൊന്ത് കണ്ണൂരില്‍ നിന്നുള്ള റബര്‍ കര്‍ഷകന്‍ ധനമന്ത്രി കെ എം മാണിയുടെ നാട്ടിലെത്തി ആത്മഹത്യ ചെയ്തു. പാലായ്ക്ക് സമീപമുള്ള മൂന്നിലവിലാണ് സംഭവം നടന്നത്. മൂന്നിലവ്‌ ടൌണിനു സമീപമുള്ള റോഡ് വക്കിലെ റബര്‍ മരത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ധനമന്ത്രിക്ക് കുറിപ്പെഴുതിയ ബുക്കും പേനയും മൃതദേഹത്തിനു സമീപത്ത് കിടപ്പുണ്ട്. അതേസമയം, മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു സമീപത്തു നിന്ന് കിട്ടിയ 200 പേജ് ബുക്കിന്റെ ആദ്യപേപ്പറില്‍ ആണ് ആത്മഹത്യയുടെ കാരണം കുറിച്ചിട്ടുള്ളത്.

ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: താന്‍ കണ്ണൂര്‍ സ്വദേശിയാണ്. തനിക്ക് ഒരു കുടുംബമുണ്ട്. വീടും പുരയിടവും വിറ്റും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തും താന്‍ റബര്‍തോട്ടം വാങ്ങി. ഇപ്പോള്‍ റബറിന് വിലയില്ല. ഇതോടെ വീട് വയ്ക്കാനും സാധിച്ചിട്ടില്ല. പലരോടും കടം വാങ്ങിയ പണവും ബാങ്ക് ലോണും തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ല. കണ്ണൂര്‍ സ്വദേശിയായ താന്‍ ധനമന്ത്രിയുടെ മണ്ഡലത്തിലെത്തിയത് ആത്മഹത്യ ചെയ്യാനാണ്. റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കിലോക്ക് 150 രൂപയെങ്കിലും ആക്കണം. രാഷ്‌ട്രീയ നേതാക്കള്‍ റബര്‍ കര്‍ഷകരുടെ രക്ഷയ്ക്കായി പ്രസംഗിക്കുന്നതല്ലാതെ യാതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :