പോള്‍ വധം: സിബിഐയും പൊലീസിന്‍റെ വഴിയെ

തൃശൂര്‍| WEBDUNIA|
PRO
വിവാദമായ പോള്‍ വധക്കേസിന്‍റെ അന്വേഷണ രീതിക്ക് വഴിത്തിരിവുണ്ടാകുന്നതല്ലാതെ ഉത്തരങ്ങള്‍ക്കൊന്നും വഴിത്തിരിവില്ല. കേസ് സംസ്ഥാന പൊലീസില്‍ നിന്ന് ഏറ്റെടുത്ത അന്വേഷണക്കാര്യങ്ങളില്‍ പൊലീസിന്‍റെ വഴിയെയാണെന്നാണ് സൂചന. പോള്‍ യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു സംസ്ഥാന പൊലീസിന്‍റെ നിഗമനം. പ്രതികളെ സി ബി ഐ വീണ്ടും ചോദ്യം ചെയ്തെങ്കിലും പൊലീസ് നിഗമനങ്ങളില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ല എന്നാണ് സൂചനകള്‍.

പ്രധാന സാക്ഷികളെ എറണാകുളത്തെ സിബിഐ ഓഫീസിലേയ്ക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയിരുന്നു. കഴിഞ്ഞമാസം 21നാണ് പോള്‍ വധക്കേസ് സംസ്ഥാന പൊലീസില്‍ നിന്ന് ഏറ്റെടുത്ത് സി ബി ഐക്ക് കൈമാറിയത്. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. സി ബി ഐക്ക് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എല്ലാ പ്രതികളെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഓംപ്രകാശ്, പുത്തന്‍പാ‍ലം രാജേഷ് എന്നിവരെ ചോദ്യം ചെയ്യുന്നതിനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ സി ബി ഐ ജോയിന്‍റ് ഡയറക്ടര്‍ അശോക്‌ കുമാര്‍ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിരുന്നു. കേസ്‌ അന്വേഷിക്കുന്ന നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ഇവിടെയാണ് ചോദ്യം ചെയ്തത്.

പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളും സി ബി ഐ പരിശോധിച്ചെങ്കിലും മൊഴികള്‍ക്ക് വിരുദ്ധമായി ഒന്നു ലഭിച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പൊലീസില്‍ നിന്ന് സി ബി ഐ കേസ് ഏറ്റെടുത്തിട്ട് ഒരു മാസമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആകസ്മികമായി ഉണ്ടായ കൊലപാതകമെന്ന പൊലീസ് കണ്ടത്തലാണ് സി ബി ഐയുടെ പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :