പോള്‍ വധം: പിതാവിന്റെ ഹര്‍ജിയില്‍ ഇന്നു വിധി

കൊച്ചി| WEBDUNIA|
PRO
മുത്തൂറ്റ് പോള്‍ ജോര്‍ജ്‌ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോളിന്‍റെ പിതാവ് ജോര്‍ജ് മുത്തൂറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജിയില്‍ വാദം കേട്ടത്‌.

പോലീസ് അന്വേഷണം തൃപ്തികരമല്ല എന്നതിന് പതിനെട്ട് കാരണങ്ങള്‍ നിരത്തിയാണ് ജോര്‍ജ് മുത്തൂറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് സി ബി ഐ രംഗത്ത് വരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പോലീസിന് യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയില്ല. അവര്‍ അന്വേഷണത്തില്‍ ഗുരുതരമായ പിഴവാണ് വരുത്തിയത്, പ്രധാനപ്രതിയായ ഓംപ്രകാശിന്റെ രാഷ്ട്രീയ, അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ അന്വേഷിച്ചില്ല, പോലീസ് ദൃശ്യമാധ്യമങ്ങള്‍ വഴി അവിശ്വസനീയമായ കഥകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്, കൊലപാതകം നടക്കുമ്പോള്‍ പോളിനൊപ്പമുണ്ടായിരുന്ന മനുവിനെ കുറിച്ച് കൂടുതല്‍ അന്വേഷണമൊന്നും നടത്തിയില്ല. മനുവിന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് പോലീസ് ചെയ്തത്. പോള്‍ കേരളത്തില്‍ കാര്‍ ഡ്രൈവ് ചെയ്യാറില്ല തുടങ്ങിയ പതിനെട്ട് കാരണങ്ങളാണ് അന്വേഷണ ഏജന്‍സിയെ മാറ്റുന്നതിനായി എം ജോര്‍ജ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

കേസ് സി ബി ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ കാരി സതീഷിന്റെ അമ്മ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാരംഭഘട്ടമായതിനാല്‍ കോടതി ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 നാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങത്ത് വച്ച് പോള്‍ ജോര്‍ജ് കുത്തേറ്റ് മരിച്ചത്. രാത്രി 12.15 നാണ് സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :