പൊലീസ് ചോദ്യംചെയ്തു; രക്തം ചര്‍ദിച്ചു മരിച്ചു

കാട്ടാക്കട| WEBDUNIA|
മദ്യപിച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്ത യുവാവ് രക്തം ചര്‍ദ്ദിച്ച് മരിച്ചു. മെയിലോട്ടുമൂഴി മങ്കാരമല സ്വദേശി സോമന്‍ (37) ആണ്‌ ആശുപത്രിയില്‍ മരിച്ചത്‌. പൊലീസിന്റെ മര്‍ദ്ദനമേറ്റ് നെഞ്ച് കലങ്ങിയാണ് സോമന്‍ മരിച്ചതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. എന്നാല്‍ സോമന്റെ മേല്‍ കൈവച്ചിട്ടേ ഇല്ലെന്നും വെറുതെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കുളത്തുമ്മല്‍ ജി.എല്‍.പി.എസിനു സമീപത്തുനിന്നാണ്‌ സോമനെ കാട്ടാക്കട പോലീസ്‌ സ്റ്റേഷനിലെ എഎസ്‌ഐ കസ്റ്റഡിയിലെടുത്തത്‌. ഉച്ചയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

എന്നാല്‍ വീടിന് സമീപത്ത്‌ രക്തം ഛര്‍ദിച്ച നിലയില്‍ കണ്ട സോമനെ ബന്ധുക്കള്‍ പുനലാല്‍ ഡെയില്‍ ലഹരിവിമോചന കേന്ദ്രത്തിലും അവിടെനിന്നും വെള്ളനാട്‌ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലും എത്തിച്ചു. ഒടുവില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ നെടുമങ്ങാട്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സംസ്കാരം നടത്തി. പോലീസ്‌ മര്‍ദനത്തെ തുടര്‍ന്നാണ്‌ മരിച്ചതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെ ട്ട്‌ സഹോദരി മേരി റൂറല്‍ എസ്പിക്കു പരാതി നല്‍കി.

മദ്യപിച്ച് ശല്യമുണ്ടാക്കുന്നതായി സോമന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സോമനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനില്‍ കൊണ്ടുവന്ന സോമനെ ഉപദേശിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും 11.30 ഓടെ രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :