കൊച്ചി|
rahul balan|
Last Updated:
വെള്ളി, 4 മാര്‍ച്ച് 2016 (11:54 IST)
വഴിയോരത്തെ മരങ്ങളിലും നടപ്പാതകളിലും റോഡ് മീഡിയനുകളിലും
പരസ്യങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പരസ്യ നയം കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് തയ്‌യാറാക്കിയ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ് നയത്തില്‍ പൊതുനിരത്തുകളിലെ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
സ്വകാര്യവ്യക്തിയോ കമ്പനിയോ സ്‌പോണ്‍സര്‍ ചെയ്തതാണെങ്കില്‍ പോലും ട്രാഫിക് സിഗ്‌നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, സൂചികകള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യങ്ങള്‍ പാടില്ലെന്നും റോഡരുകില്‍നിന്നോ നടപ്പാതകളില്‍ നിന്നോ 50 മീറ്റര്‍ ദൂരത്തിനകത്ത് പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്നും
ഫെബ്രുവരി രണ്ടിന് പുറത്തിറക്കിയ സര്‍ക്കാര്‍ നയത്തില്‍ വ്യക്തമാക്കുന്നു.
പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ബി മുരളീധരന്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ പരസ്യനയം സംബന്ധിച്ച വിശദീകരണമുള്ളത്. പുതിയ പരസ്യ നയ പ്രകാരം ബസ് സ്റ്റോപ്പിലും ബസ് ഷെല്‍ട്ടറുകളിലും കെ എസ് ഇ ബിയുടെ തൂണുകളിലും പരസ്യം പതിക്കാന്‍ കഴിയില്ല.
പരസ്യം സ്ഥാപിക്കാന്‍ കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതും ഉറപ്പുള്ളതുമായ സ്ഥിരം സംവിധാനം നിര്‍ബന്ധമാക്കും. പാലങ്ങള്‍, ഫ്ലൈ ഓവറുകള്‍ എന്നിവയുടെ കൈവരിയില്‍ പരസ്യം പാടില്ല. റോഡരുകില്‍നിന്ന് മാറി നിയമപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സിലില്‍നിന്ന് അനുമതി വാങ്ങേണ്ടി വരും.
ഇനിമുതല്‍ റോഡരികില്‍നിന്ന് പത്തുമീറ്റര്‍ അകത്തേക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടണം.
പരസ്യം കാണാന്‍ വേണ്ടി മാത്രമുള്ള വെളിച്ചം മാത്രമെ രാത്രികാലങ്ങളില്‍ പാടുള്ളു. ബസ് സ്റ്റോപ്പുകളിലും കെഎസ്ഇബി ബി എസ് എന്‍ എല്‍ പോസ്റ്റുകളിലും ഇനിമുതല്‍ പരസ്യം അനുവദിക്കില്ല.അതേസമയം ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ഡിസ്പ്‌ളേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല.