കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തെ ഇടതുമുന്നണിയിലുള്‍പ്പെടുത്താന്‍ സിപിഐയുടെ പച്ചക്കൊടി. പി സി തോമസിനെ ഇടത് മുന്നണിയിലെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കി.
എന്നാല്‍ എന്‍ സി പിയെ മുന്നണിയില്‍ടുക്കുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വെളിയം പറഞ്ഞു. തിരുവനതപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെളിയം. ജൂലൈ ആറിന് ചേരുന്ന അടുത്ത എല്‍ ഡി എഫ് യോഗം എന്‍ സി പിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
തോമസിനെ എല്‍ ഡി എഫില്‍ എടുക്കുന്നതിനെ സി പി ഐ എതിര്‍ത്തുവെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും വെളിയം പറഞ്ഞു. പിസി തോമസിന്റെ വരവിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സിപിഐ സംസ്‌ഥാന നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു.
നേരത്തേ കേരളാ കോണ്‍ഗ്രസ്, എന്‍.സി.പി, ഐ.എന്‍.എല്‍. കക്ഷികളെ ഒരു പാക്കേജായി മുന്നണിയിലുള്‍പ്പെടുത്തണം എന്ന നിലപാടായിരുന്നു സിപിഐയുടേത്. എന്‍സിപിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെങ്കില്‍ ആദ്യം പിസി തോമസിനെ പരിഗണിക്കണമെന്ന നിലപാടു സ്വീകരിക്കാനും ഇന്നലെ ചേര്‍ന്ന സി പി ഐ നിര്‍വാഹക സമിതിയില്‍ ധാരണയായിരുന്നു.