തിരുവനന്തപുരം|
JOYS JOY|
Last Updated:
ശനി, 28 മാര്‍ച്ച് 2015 (10:25 IST)
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി സി ജോര്‍ജിനെ മാറ്റും. ഇതിന് യു ഡി എഫില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്.
സമവായശ്രമങ്ങള്‍ക്ക് ഒടുവില്‍ മാണിയുടെ ആവശ്യം അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞുവന്നാല്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി മുഖ്യമന്ത്രിക്ക് കത്തു നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പി സി ജോര്‍ജുമായും കെ എം മാണിയുമായും ചര്‍ച്ച നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ പി സി ജോര്‍ജ് രാജിക്കത്തും പോക്കറ്റില്‍ വെച്ചുകൊണ്ടായിരുന്നു വന്നത്. എന്നാല്‍, രാജിക്കത്ത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എന്നാല്‍, പിന്നീട് കെ എം മാണിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, ജോര്‍ജിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാണി ഉറച്ചു നില്‍ക്കുകയായിരുന്നു. കെ എം മാണിയുടെ ഒപ്പം മകന്‍ ജോസ് കെ മാണിയും ജോര്‍ജിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കെ എം മാണി കടുത്ത നിലപാട് എടുത്ത സാഹചര്യത്തില്‍ ജോര്‍ജിനെ സംരക്ഷിക്കാന്‍ യു ഡി എഫിന് വഴികളില്ലാതായി. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കിയാലും യു ഡി എഫില്‍ തന്നെ ജോര്‍ജിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.