ജോര്‍ജിന്റേത് ലക്കും ലഗാനുമില്ലാത്ത പോക്ക്: കെ എം മാണി

തിരുവനന്തപുര| VISHNU N L| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (19:22 IST)
പി സി ജോര്‍ജ് വിഷയത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ധനമന്ത്രി കെ എം മാണി വ്യക്തമാക്കി. പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ആവശ്യത്തില്‍ എത്രയും പെട്ടന്ന് തന്നെ നടപടി ഉണ്ടാകണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യമെന്ന് മാണി വെള്ളിയാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

നാല് വര്‍ഷമായി പിസി ജോര്‍ജ് യു ഡി എഫിനെ ശിഥിലപ്പെടുത്തുന്ന പ്രസ്താവനകളുമായി നടക്കുന്നു. പലതവണ താക്കീത് ചെയ്തു. എന്നാല്‍ ജോര്‍ജിന്റേത് ലക്കും ലഗാനുമില്ലാത്ത അഹങ്കാരം നിറഞ്ഞ് പോക്കായിരുന്നു. ഇതിനൊരു മൂക്ക് കയറ് ഇടുകയാണ് ചെയ്തത്. അതിനാല്‍ ചെറിയൊരു ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. അതാണ് മുഖ്യമന്ത്രിയൊട് ആവശ്യപ്പെട്ടത്.


ജോര്‍ജ് പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ മറികടന്നു. അതിനാല്‍ ശിക്ഷയെന്ന നിലയില്‍ ചീഫ് വിപ്പ് സ്ഥാനവും, പാര്‍ട്ടിയുടെ യു ഡി എഫ് പ്രതിനിധി സ്ഥാനവും ജോര്‍ജില്‍ നിന്ന് എടുത്തുമാറ്റാനാ‍ണ് തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ് ഒഴികെയുള്ള പാര്‍ട്ടിയുടെ എട്ട് എം എല്‍ എമാരും ഒത്തൊരുമിച്ച് ഏക സ്വരത്തില്‍ എടുത്ത തീരുമാനമാണ് ഇത്. ജോര്‍ജിനെതിരായ യോഗമായതിനാലാണ് അയാളെ യോഗത്തില്‍ വിളിക്കാതിരുന്നത്. മുഖ്യമന്ത്രി നാളെ വിദേശ യാത്രയ്ക്ക് പോവുകയാണ്. അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം എത്രയും പെട്ടന്ന് നടപടിയുണ്ടാകും- കെ എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :