പിറന്നാളാഘോഷത്തിന്റെ മറവില്‍ കോളേജില്‍ ക്രൂര റാഗിങ്ങ്: വിദ്യാര്‍ഥികള്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം പൊലീസില്‍ പരാതി നല്‍കി

കോളേജ് ഹോസ്റ്റലില്‍ പിറന്നാളാഘോഷത്തിന്റെ മറവില്‍ റാഗിങ്ങ്

കണ്ണൂര്, റാഗിങ്ങ്, പരിയാരം നഴ്‌സിങ്ങ് കോളേജ്, പൊലീസ് kannur, ragging, pariyaram nursing college, police
കണ്ണൂര്| സജിത്ത്| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (09:16 IST)
കോളേജ് ഹോസ്റ്റലില്‍ പിറന്നാളാഘോഷത്തിന്റെ മറവില്‍ റാഗിങ്ങ്. പരിയാരം നഴ്‌സിങ്ങ് കോളേജില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ഇതിന് ദൃക്‌സാക്ഷിയായ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറുമായ ടി വി സുധാകരന്‍ പരാതിയുമായി പൊലീസില്‍ എത്തിയതോടെയാണ് റാഗിങ്ങിനെക്കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്.

കോളേജ് ഹോസ്റ്റലില്‍ ആളെയിറക്കി തിരികെ വരുമ്പോളാണ് ഹോസ്റ്റലിനരികിലുള്ള കൂറ്റന്‍ മാവില്‍ ഒരു വിദ്യാര്‍ഥിയെ കെട്ടിയിട്ട നിലയില്‍ കാണ്ടെത്തിയത്. ചെറിയ തോര്‍ത്ത് മാത്രം ധരിച്ച മെലിഞ്ഞ ഒരു വിദ്യാര്‍ഥിയെ കാലിലും അരയ്ക്കും ഉടല്‍ഭാഗത്തും തുണികൊണ്ട് മരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു. കൂടാതെ ദേഹത്തു മുഴുവനും മലിനജലവും ഭക്ഷണമാലിന്യവും തേച്ച നിലയില്‍ വിറച്ച് അവശനിലയിലായിരുന്നു വിദ്യാര്‍ഥി നിന്നിരുന്നത്.

നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ വിദ്യാര്‍ഥിയെ മരത്തില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് കുട്ടിയുടെ ദേഹത്ത് മലിനജലവും ഭക്ഷണമാലിന്യങ്ങളും തേച്ചുകൊണ്ടിരിക്കുന്നതാണ് പഞ്ചായത്തംഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ക്രൂരമായ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് ഓട്ടോയില്‍നിന്നിറങ്ങി വന്ന് സുധാകരന്‍ ഇത് ചോദ്യംചെയ്യുകയും വിദ്യാര്‍ഥിയുടെ കെട്ടഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ മറ്റ് വിദ്യാര്‍ഥികള്‍ ഇയാളോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് സുധാകരന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പോയി സുഹൃത്തിനെ കൂട്ടി കോളേജിലേക്ക് തിരിച്ചുവന്നപ്പോഴേക്കും മറ്റ് വിദ്യാര്‍ഥികള്‍ അവിടുന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.

കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പരിയാരം പൊലീസ് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയേയും നേതൃത്വം നല്കിയ നാലു വിദ്യാര്‍ഥികളേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഈ വിദ്യാര്‍ഥിയുടെ പിറന്നാളിന്റെ ഭാഗമായി കുട്ടിയുടെ സമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് നാലു വിദ്യാര്‍ഥികളും പൊലീസിനെ അറിയിച്ചു. എന്നാല്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി പരാതി നല്‍കിയില്ലെങ്കില്‍ സ്വമേധയാ പൊലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്തംഗം ടി വി സുധാകരന്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :