കുടുംബത്തിനെതിരെ അപവാദ പ്രചാരണം നടത്തി; എഎന്‍ ഷംസീര്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് പെണ്‍കുട്ടികളുടെ പിതാവ് പൊലീസിനെ സമീപിക്കും

ആത്മഹത്യാ പ്രേരണാകുറ്റത്തിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ പിതാവ് രാജന്‍

ദളിത് കുടുംബത്തിനെ ജയിലില്‍ അടച്ചു , കണ്ണൂര്‍ , പൊലീസ്
തലശേരി| jibin| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (11:53 IST)
കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവന്ന പരാതിയില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട
ദളിത് കുടുംബം ജില്ലയിലെ ഇടതു നേതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിക്കുന്നു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ പിതാവ് രാജന്‍ വ്യക്തമാക്കി.

എഎന്‍ ഷംസീര്‍ എംഎല്‍എയും മറ്റ് സിപിഎം നേതാക്കള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായിട്ടാണ് രാജന്‍ പൊലീസിനെ സമീപിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിച്ചെന്ന കേസില്‍ ജയില്‍നിന്ന് പുറത്തിറങ്ങിയ ശേഷം അഞ്ജന ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്. സിപിഎം നേതാക്കളും പാര്‍ട്ടി അനുഭാവികളും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം നടത്തിയെന്നും രാജന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയ്‌ക്ക് പുറമെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പിപി ദിവ്യയ്‌ക്കുമെതിരെ കേസ് എടുക്കണമെന്നാണ് രാജന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി കുട്ടിമാക്കൂലില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് ഇവര്‍ക്കെതിരായ കേസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :