പിന്തുണ തേടി ഉമ്മന്‍ചാണ്ടി കരുണാകരനെ കണ്ടു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (13:02 IST)
PRO
പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി ചര്‍ച്ച നടത്തി. കരുണാകരന്‍റെ വസതിയിലെത്തിയാണ് ഉമ്മന്‍‌ചാണ്ടി അദ്ദേഹത്തെ കണ്ടത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മുന്‍‌നിര്‍ത്തിയായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ സന്ദര്‍ശനം.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല വിഭാഗവും വയലാര്‍ രവിയെ അനുകൂലിക്കുന്നവരും പഴയ ഐ ഗ്രൂപ്പ് നേതാക്കളും സംഘടിച്ചത് എ ഗ്രൂപ്പിന് വന്‍ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ കരുണാകര വിഭാഗത്തിന്‍റെ പിന്തുണ തേടുകയായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ സന്ദര്‍ശന ലക്‍ഷ്യമെന്ന് സൂചനയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഇരുപത്തിനാലിന് കരുണാകരന്‍റെ വസതിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേരാനിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച. സംഘടനാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വിശാ‍ല ഐ ഗ്രൂപ്പ് എന്ന പേരിലാണ് ചെന്നിത്തലയും കൂട്ടരും ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഈ വിഭാഗം പ്രത്യേക യോഗങ്ങളും ചേരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :