പിടികിട്ടാപ്പുള്ളി 14 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗുരുവായൂര്‍| WEBDUNIA|
PRO
PRO
പിടികിട്ടാപുള്ളിയെ പതിനാലു വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ പൊലീസ്‌ അറസ്റ്റുചെയ്തു. കോടതിയില്‍ നിന്ന് ജാമ്യമെടുത്തു മുങ്ങി പതിനാല്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ കടലുണ്ടി പരപ്പനങ്ങാടി സ്വദേശി പുത്തനാത്ത്‌ വീട്ടില്‍ ഫൈസല്‍ (36) പിടിയിലായത്.

ഗുരുവായൂര്‍ സിഐ കെ സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ എസ്‌ ഐ വിസി സൂരജും സംഘവും പരപ്പനങ്ങാടിയിലെ പ്രതിയുടെ വീട്ടുപരിസരത്തുവെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്‌. 1999-ഏപ്രില്‍ 26-ന്‌ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവെച്ച്‌ തിരുവത്ര തേര്‍ളിവീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ വത്സന്റെ ഒരുപവന്‍ മാല മോഷ്ടിച്ചു എന്നാണ് കേസ്. അന്ന് ഗുരുവായൂര്‍ പൊലീസ്‌ അറസ്റ്റുചെയ്ത്‌ മൂന്ന്‌ ദിവസം റിമാന്റില്‍ കഴിഞ്ഞ്‌ പ്രതി, ജാമ്യമെടുത്ത്‌ മുങ്ങി നടക്കുകയായിരുന്നു.

ഗുരുവായൂരിലെ ഒരു സ്വകാര്യ ലോഡ്ജിലെ റൂംബോയ്‌ ആയി ജോലിചെയ്തിരുന്നയാളാണ്‌ പ്രതി. ജാമ്യമെടുത്ത്‌ മുങ്ങിയശേഷം മോഷണം തൊഴിലാക്കിയ പ്രതി, തിരൂരങ്ങാടിയിലുള്ള വീട്ടില്‍ കയറി മോഷണം നടത്തിയതായി കേസുണ്ട്. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ പൊലീസ്‌ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ചാവക്കാട്‌ ഫസ്റ്റ്ക്ലാസ്‌ മജിസ്റ്റ്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :