പി സി ജോര്‍ജിനെ തള്ളി മാണി - ‘പാര്‍ട്ടിയുടെ നയങ്ങള്‍ ഞാനാണ് പറയുന്നത്’

പി സി ജോര്‍ജ്, കെ എം മാണി, ബാര്‍ കോഴ, ശിവന്‍‌കുട്ടി
കോട്ടയം| Last Modified ശനി, 21 മാര്‍ച്ച് 2015 (17:29 IST)
ബാര്‍ കോഴ സംബന്ധിച്ച് പി സി ജോര്‍ജ്ജിന്‍റെ എല്ലാ നിലപാടുകളെയും തള്ളിപ്പറഞ്ഞ് ധനമന്ത്രി കെ എം മാണി. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജോര്‍ജിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ് മാണി രംഗത്തെത്തിയത്. താനാണ് പാര്‍ട്ടിയുടെ ചെയര്‍മാനെന്നും പാര്‍ട്ടിയുടെ നയങ്ങള്‍ താനാണ് പറയേണ്ടതെന്നും മാണി വ്യക്തമാക്കി.

ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരു ദിവസത്തെ പാര്‍ട്ടി കമ്മിറ്റി യോഗം ചേരണമെന്നും ഈ വിവാദത്തെക്കുറിച്ച് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമായിരുന്നു പി സി ജോര്‍ജിന്‍റെ ആവശ്യം. എന്നാല്‍ ഇനി ബാര്‍ കോഴ സംബന്ധിച്ച് ചര്‍ച്ചയൊന്നുമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്നും മാണി വ്യക്തമാക്കി.

ബാറില്‍ ഒരു കോഴയുമില്ല.. അതുകൊണ്ടു ചര്‍ച്ചയില്ല. വെറുതെ കെട്ടിച്ചമച്ച വിവാദമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാനായി ഒരു കമ്മീഷനെ വച്ചു. ആ കമ്മീഷന്‍റെ റിപ്പോര്‍ട്ട് എന്തായാലും അത് പ്രസിദ്ധീകരിക്കാന്‍ പോകുന്നില്ല. ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാകുകയുമില്ല - മാണി പറഞ്ഞു.

പാര്‍ട്ടിക്കും മുന്നണിക്കും എന്നില്‍ പൂര്‍ണവിശ്വാസമാണ്. ഇന്നത്തെ കമ്മിറ്റി മീറ്റിംഗില്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടുണ്ട്. യു ഡി എഫിന്‍റെ തീരുമാനങ്ങള്‍ പറയുന്നത് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനുമാണ്. അവര്‍ എനിക്ക് പൂര്‍ണ പിന്തുണ തരുന്നുണ്ട്. മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്നുകരുതുന്നില്ല - മാണി രാജിവയ്ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സി ആര്‍ മഹേഷിന്‍റെ ആവശ്യത്തോട് കെ എം മാണി ഇങ്ങനെയാണ് പ്രതികരിച്ചത്.

കുറ്റപത്രം വന്നാലും രാജിവയ്ക്കില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പൊതുവായ ഒരു അഭിപ്രായം പറഞ്ഞതാണെന്നും മാണി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :