പാതയോരത്തുനിന്നും ലഭിച്ച പണം തിരിച്ചുനല്‍കി മത്സ്യവ്യാപാരി മാതൃകയായി
തൃശൂര്‍: |
WEBDUNIA|
PRO
PRO
പാതയോരത്ത് നിന്നും കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരിച്ചു നല്‍കി മത്സ്യവ്യാപാരി മാതൃകയായി. മത്സ്യവ്യാപാരിയുടെ നന്മയില്‍ പെട്രോള്‍ബങ്ക് ഉടമക്ക് നഷ്ടപ്പെട്ട 82,000 രൂപയാണ് തിരികെ ലഭിച്ചത്. ശക്തന്‍ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരിയായ കുരിയച്ചിറ വളര്‍ക്കാവ് പുഷ്പഗിരിയില്‍ പഞ്ഞിക്കാരന്‍ ദേവസിയുടെ മകന്‍ സണ്ണിയാണ് കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കിയത്.
ശനിയാഴ്ച സന്ധ്യയോടെ മാര്‍ക്കറ്റിന് മുന്നിലെ പാതയോരത്ത് നിന്നും 82,000 രൂപയുടെ ആയിരത്തിന്റെ കറന്‍സികളാണ് ലഭിച്ചത്. കളഞ്ഞുകിട്ടിയ പണത്തിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാല്‍ പണം വീട്ടില്‍ സൂക്ഷിച്ചു. ഞായറാഴ്ച രാവിലെ അയല്‍വാസിയായ ഈസ്റ്റ് സിഐ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു.
മുണ്ടൂരില്‍ പെട്രോള്‍ബങ്ക് നടത്തുന്ന കുരിയച്ചിറ മേനിലകത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ ബാബുവിന്റെ പണമാണ് നഷ്ടപ്പെട്ടത്. പെട്രോള്‍ബങ്കിലെ കളക്ഷനായ ഒരു ലക്ഷം രൂപ 1000 , 500 രൂപകളുടെ കെട്ടുകളാക്കി ബനിയനുള്ളില്‍ സൂക്ഷിച്ച് ബൈക്കില്‍ യാത്ര തിരിക്കുകയായിരുന്നു. അശ്വനി ജംഗ്‌ഷനില്‍നിന്ന് മീന്‍ വാങ്ങുന്നതിനാണ് മാര്‍ക്കറ്റില്‍ എത്തിയത്. അതിനിടെയാണ് പണം കളഞ്ഞുപോയത്. പണം നഷ്ടപ്പെട്ട വിവരം ഈസ്റ്റ് പൊലീസില്‍ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ ഇരുവരെയും വിളിച്ചുവരുത്തി. പണം സണ്ണി ഉടമയായ ബാബുവിന് തിരിച്ചുനല്‍കി. കളഞ്ഞുപോയ തുക നിറകണ്ണുകളോടെ ഏറ്റുവാങ്ങിയ ബാബു സന്തോഷത്താല്‍ സണ്ണിക്ക് ഉപഹാരം നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഉപഹാരം വേണ്ടെന്ന് വാശിപിടിച്ചെങ്കിലും സിഐ സന്തോഷിന്റെയും മറ്റ് പൊലീസുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ബാബു നല്‍കിയ 5000 രൂപ സണ്ണി ഏറ്റുവാങ്ങി.