പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധം, വര്‍ഷങ്ങളുടെ ബന്ധമെന്ന് പൊലീസ്

Dileep, Actress, Siddiq, Aluva Palace, Sandhya, Behra, Sen Kumar, ദിലീപ്, നടി, സിദ്ദിക്ക്, ആലുവ പാലസ്, സന്ധ്യ, ബെഹ്‌റ, സെന്‍‌കുമാര്‍
കൊച്ചി| BIJU| Last Modified തിങ്കള്‍, 10 ജൂലൈ 2017 (20:27 IST)
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധമാണുള്ളതെന്ന് പൊലീസ്. വര്‍ഷങ്ങളുടെ ബന്ധമാണ് ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. വന്‍ തുക വാഗ്ദാനം നല്‍കിയാണ് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ വഴിത്തിരിവായത് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്‍റെ മൊഴിയാണ്. ജിന്‍സണ്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായുള്ള ജിന്‍സന്‍റെ വരവ് തന്നെ പൊലീസിന്‍റെ തിരക്കഥയായിരുന്നു എന്നാണ് സൂചന. പള്‍സര്‍ സുനിയുടെ മനസിലുള്ളതെല്ലാം ജിന്‍സണിലൂടെ പൊലീസ് അറിയുകയായിരുന്നു.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സംവിധായകന്‍ നാദിര്‍ഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിലീപിനൊപ്പം തന്നെ തിങ്കളാഴ്ച രാവിലെ മുതല്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തുവരികയാണെന്നാണ് അറിയുന്നത്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജനപ്രിയനായകനെ അറസ്റ്റ് ചെയ്തത്. ദിലീപിനെതിരായ തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ്.

നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയത് എം ജി റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണെന്ന് പൊലീസിന് വ്യക്തമായി. ഒരു പ്രോഗ്രാമിനെന്ന വ്യാജേനെയാണ് ദിലീപ് ആ ഹോട്ടലില്‍ എത്തിയതെന്നും തെളിവുകിട്ടി.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളും നിലപാടുമാണ് ഇപ്പോള്‍ ദിലീപ് കുടുങ്ങാന്‍ കാരണമായിരിക്കുന്നത്. പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ സമ്പൂര്‍ണ ചിത്രം വെളിപ്പെടുകയായിരുന്നു.

പഴുതടച്ച ഒരു അന്വേഷണത്തിന് ഒടുവിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെപ്പോലെ ഒരു സൂപ്പര്‍താരത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെങ്കില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ആവശ്യമായിരുന്നു. അത് ലഭിക്കുന്നതുവരെ കാത്തിരുന്ന് നടത്തിയ നീക്കമാണ് ഇപ്പോള്‍ പ്രധാനപ്രതിയെ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ പ്രാപ്തമാക്കിയത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപിനെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഒടുവില്‍ ദിലീപിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

പൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് വിവരം. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. ജനപ്രിയ നായകന്‍റെ അറസ്റ്റ് മലയാള സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. എന്നാല്‍ അതിന്‍റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടുതവണ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വര്‍ഷങ്ങളുടെ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2013ല്‍ തന്നെ നടിയെ ആക്രമിക്കാന്‍ ആലോചിച്ചിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എഡിജിപി ബി ഈ കേസിന്‍റെ ചുമതല ഏറ്റെടുത്തതോടെയാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിത്തുടങ്ങിയത്. സംസ്ഥാന പൊലീസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :