പ്രായാധിക്യത്താലുളള വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ആദ്യകാല സിനിമ താരങ്ങളായ പറവൂര്‍ ഭരതനും ഓമനയ്ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇരുവര്‍ക്കും ഈ തുകയ്ക്കുളള ചെക്ക് അവരുടെ വീടുകളിലെത്തി വിഡി സതീശന്‍ എംഎല്‍എയും എറണാകുളം ജില്ല കളക്ടര്‍ പിഐ ഷെയ്ക്ക് പരീതും കൈമാറി.
ദിലീപിന്റെ സിഐഡി മൂസ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം സിനിമാഭിനയത്തോടു വിടപറഞ്ഞതാണ് പറവൂര്‍ ഭരതന്‍. അഭിനയത്തിനായി നാടു മുഴുവന്‍ ഓടി നടന്നപ്പോള്‍ ശ്രദ്ധിക്കാതെ പോയ പല രോഗങ്ങളും ഇന്നു കൂടെയുണ്ട്. പ്രമേഹത്തിനൊപ്പം കാല്മുട്ടു വേദന, ചുമ, കാലിലെ നീരുവീഴ്ച തുടങ്ങിയവ നിത്യവും അലട്ടുന്നു. നടത്തത്തിനിടയില്‍ കൂടെക്കൂടെ വീഴുകയും ചെയ്തതോടെ സിനിമാഭിനയത്തോട് തല്ക്കാലത്തേക്ക് വിടപറഞ്ഞു. രണ്ടാമത്തെ മകന്‍ മധു അച്ഛനെ ശുശ്രൂഷിക്കാന്‍ ഒപ്പമുണ്ട്. സിഐഡി മൂസയില്‍ അഭിനയിക്കാന്‍ ദിലീപ് നിര്‍ബന്ധിച്ചുകൊണ്ടു പോയതാണ്. ഇപ്പോഴും ആളുകള്‍ വിളിക്കുന്നുണ്ടെങ്കിലും പോകാന്‍ കഴിയുന്നില്ലെന്നു ഭരതന്‍ കുശലാന്വേഷണത്തിനിടയില്‍ പറഞ്ഞു. ഇടയ്ക്കിടെ വീഴുന്നതു മൂലം വീട്ടില്‍ ബാത്ത് റൂം മുതല്‍ എവിടെയും പിടിച്ചു നടക്കാന്‍ സ്റ്റീല്‍ റാഡ് ഇട്ടിരിക്കുകയാണെന്ന് ഭാര്യ തങ്കമണിയും പറഞ്ഞു.
ഇതില്‍ നിന്നു വ്യത്യസ്തമാണ് നന്ത്യാട്ടുകുന്നത്തെ ഓമനയുടെ ജീവിതം. ചെറുപ്പത്തിലേ കലാരംഗത്തു തിരക്കിലായിരുന്നതിനാല്‍ വിവാഹത്തിനു കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ചേച്ചി മരിച്ചതോടെ നന്ത്യാട്ടുകുന്നത്തെ വീട്ടില്‍ താമസം ഒറ്റക്കായി. അടുത്തുളള ബന്ധുക്കള്‍ ഭക്ഷണവും മറ്റും നല്കും. എംഎല്‍എയും കളക്ടറും എത്തിയപ്പോള്‍ പഴയ നടിയുടെ ഊര്‍ജ്ജം വീണ്ടെടുത്ത് ഓമന സംസാരിച്ചു തുടങ്ങിയെങ്കിലും ഇത്തരമൊരു കരുതല്‍ ഓമനയും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ പിടിച്ചു നില്ക്കാനാകാതെ പൊട്ടിക്കരഞ്ഞു പോയി. നാട്ടിലെ എല്ലാകാര്യത്തിനും ഓടി നടന്നിരുന്ന ഓമനയ്ക്കിപ്പോള്‍ അധികം സമയം നില്കാന്‍ പോലുമാകില്ല. ചെക്കു കൈമാറി ഇറങ്ങുമ്പോള്‍ വിഡി സതീശന്‍ എംഎല്‍എയെ അവര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. ഇതിനൊരു ഭാഗ്യമുണ്ടായല്ലോ,ഇങ്ങനെയൊരു സമ്മാനം നല്കാന്‍ ഓര്‍ത്തല്ലോ.
ഏഴിക്കരയില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റുമായിരുന്നു ഓമന. പ്രായാധിക്യം മൂലമുളള രോഗപീഡകളാല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന ഇരുവരുടെയും ജിവിതാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വിഡി സതീശന്‍ എംഎല്‍എയാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ജില്ല കളക്ടര്‍ പിഐഷെയ്ക്ക് പരീതും ഈ സാന്ത്വന സ്പര്‍ശത്തിനു പിന്തുണയേകി. ജീവിതകാലത്തെ പ്രശസ്തമായ സേവനത്തിനുളള ചെറിയൊരു അംഗീകാരം മാത്രമാണിതെന്നു സതീശന്‍ സൂചിപ്പിച്ചു. പറവൂര്‍ തഹസീല്‍ദാര്‍ സിദ്ധാര്‍ഥന്‍, ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങിന് സാക്‍ഷ്യം വഹിച്ചു.