പത്മശ്രീക്കായി ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പത്മ പുരസ്‌കാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി കെ വി തോമസും ശുപാര്‍ശ ചെയ്തത് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റിനെ. പത്മ പുസ്‌കാരത്തിനായി കേന്ദ്രമന്ത്രിമാരും എംപിമാരും നാമനിര്‍ദ്ദേശം ചെയ്തവരില്‍ ഏറെയും ആശുപത്രി ഉടമകളും ബിസിനസുകാരുമാണ്. പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ളയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കക്ഷിഭേദമെന്യേ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചു. പുരസ്‌കാരം ലഭിച്ച മലയാളികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയില്‍ നിന്നുള്ളവരല്ലെന്നും പത്മപുരസ്‌കാര നിര്‍ണയരേഖകള്‍ വ്യക്തമാക്കുന്നു.

പത്മ പുരസ്‌കാരങ്ങള്‍ക്കായി മന്ത്രിമാരും എംപിമാരും മത്സരിച്ച് നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പതിവ് തെറ്റിച്ച് ഇക്കുറി ലഭിച്ചത് 1878 ശുപാര്‍ശകള്‍. കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ 25ല്‍ ഏറെ നാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പടെ 72 പേരുകളാണ് പുരസ്‌കാരങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി കെ വി തോമസുമാണ് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര് നിര്‍ദ്ദേശിച്ചത്.

ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ കെ പി ഹുസൈനെയും കെ വി തോമസ് നിര്‍ദ്ദേശിച്ചു. കിംസ് ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ എം ഐ സഹദുള്ളയുടെ പേര് രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനും സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശിച്ചെങ്കിലും പുരസ്‌കാര സമിതി പരിഗണിച്ചില്ല. ഗുഡ് ഷെപ്പേര്‍ഡ് ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ പ്രി്ന്‍സിപ്പാള്‍ ഡോക്ടര്‍ പി സി തോമസിനെ പി സി ചാക്കോ, വക്കം പുരുഷോത്തമന്‍ തുടങ്ങി പത്തുപേര്‍ നാമനിര്‍ദ്ദേശം ചെയ്തു.

പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ളയെ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിക്കാനാണ് നേതാക്കളും പാര്‍ട്ടികളും മത്സരിച്ചത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ എല്‍ കെ അദ്വാനി, ദിഗ്‌വിജയ് സിംഗ്, വീരമൊയ്്‌ലി, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് എന്നിവര്‍ ബിര്‍ളയ്ക്കായി രംഗത്തെത്തി.

അതേസമയം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണടക്കം പുരസ്‌കാരം ലഭിച്ച 11 പേരില്‍ ആരും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ നിന്നുള്ളവരല്ല. കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ പേര് പത്മ സെര്‍ച്ച് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്.സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ നിര്‍ദ്ദേശിച്ചത് കേന്ദ്രമന്ത്രിമാരായ മിലിന്ദ് ദേവ്‌റയും ജ്യോതിരാതിദ്യ സിന്ധ്യയും. കലാമണ്ഡലം സത്യഭാമ സ്വന്തം നിലയ്ക്ക് പുരസ്‌കാരത്തിന് അപേക്ഷിച്ചു.

എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ 20ഉം, കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് 15ഉം പേരുകളാണ് പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :