പണം വാങ്ങണമെന്ന് മന്ത്രിമാര്‍ ;വേണ്ടെന്ന് മോഹന്‍ലാല്‍

കൊച്ചി| Joys Joy| Last Modified ശനി, 7 ഫെബ്രുവരി 2015 (10:20 IST)
സര്‍ക്കാരിന് തിരിച്ചു നല്കിയ തുക ഇനി വാങ്ങില്ലെന്ന ഉറച്ച നിലപാടില്‍ മോഹന്‍ലാല്‍ ‍. മോഹന്‍ലാല്‍ പണം വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. ‘ലാലിസം’ വിവാദത്തില്‍ ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഇന്നു രാവിലെ മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

നേരത്തെ, ലാലിസം പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും ചെക്ക് ആയി മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു. ഈ പണം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെടുന്നതിനു വേണ്ടിയായിരുന്നു മുഖ്യമന്ത്രിയും കായികമന്ത്രിയും ലാലിനെ ചെന്നു കണ്ടത്. എന്നാല്‍ , പണം തിരിക വാങ്ങില്ലെന്ന നിലപാടില്‍ ലാല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം കൂടി സര്‍ക്കാര്‍ പരിഗണിക്കും. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു.

ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം മാത്രമാണ് കുറച്ച് മോശമായി പോയതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന്, എല്ലാ കാര്യത്തിലും സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സിനിമാലോകം ഇനി ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനം കൈക്കൊള്ളുമെന്ന് ഫെഫ്‌ക പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്.

ഇന്നലെ ഗസ്റ്റ് ഹൌസിലുണ്ടായിരുന്ന മുഖ്യമന്ത്രിയും കായികമന്ത്രിയും രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു മോഹന്‍ലാലിനെ കാണാന്‍ തീരുമാനിച്ചത്. മോഹന്‍ലാലുമായി അടുത്ത ബന്ധമുള്ളവരോ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരോ ഈ കൂടിക്കാഴ്ചയെപ്പറ്റി അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ഒപ്പം ബെന്നി ബഹനാന്‍ എം എല്‍ എയും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :