നിലമ്പൂര്‍ കൊലപാതകം: അന്വേഷണച്ചുമതല എഡിജിപി ബി സന്ധ്യക്ക്
മലപ്പുറം|
WEBDUNIA|
PRO
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അന്വേഷണച്ചുമതല എഡിജിപി ബി സന്ധ്യക്ക്. കേസ് അന്വേഷണത്തിന് എഡിജിപി ബി സന്ധ്യ നേതൃത്വം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മലപ്പുറത്ത് അറിയിച്ചു. വനിതാ ഐജിമാരില്ലാത്തതിനാലാണ് സന്ധ്യക്ക് അന്വേഷണ ചുമതല നല്‍കിയത്. ഇതുവരെ തൃശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥിനായിരുന്നു അന്വേഷണ ചുമതല. ഐ ജി ഗോപിനാഥും സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അന്വേഷണസംഘത്തിലേയ്ക്ക് എടുക്കാന്‍ ബി സന്ധ്യയ്ക്ക് അധികാരമുണ്ടാകും. ചെന്നിത്തല കൊല്ലപ്പെട്ട സ്ത്രീയുടെ വീട് സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്ത്രീയുടെ ബന്ധുക്കള്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വനിതാ ഐജിയെ ഏല്‍പ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ആഴ്ചകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ പ്രതികളില്‍ ബിജു നായര്‍ എന്നയാള്‍ ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ്.
കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിനുള്ളില്‍ വെച്ചാണ് രാധയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതേസമയം നിലമ്പൂരില്‍ പൊതുപരിപാടിക്ക് എത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കയ്യേറ്റശ്രമമുണ്ടായി. രാധ വധക്കേസില്‍ തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ മന്ത്രിയുടെ കോളറില്‍ കടന്നുപിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീകുമാറാണ് അതിക്രമം കാട്ടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ബിജു നായര്‍ക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ചൂല് കൊണ്ട് കുത്തിയത് ബലാത്സംഗമായാണ് കണക്കാക്കുന്നത്.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന നിയമഭേദഗതി 376 പ്രകാരം ജനനേന്ദ്രിയത്തിലുള്ള ആഴത്തിലുളള മര്‍ദ്ദനത്തെ ബലാത്സംഗമായി കണക്കാക്കുന്നു. എന്നാല്‍ രാധയ്ക്ക് നേരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടൊപ്പം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തൊണ്ടി സാധനങ്ങളും തെളിവെടുപ്പിന്റെയും ഡമ്മി പരിശോധനയുടെയും വീഡിയോ ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.