നിലംനികത്തൽ ഉത്തരവ് പിൻവലിക്കണം; നിലപാട് കൂടുതൽ കടുപ്പിച്ച് സുധീരൻ

തിരുവനന്തപുരം| aparna shaji| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (11:45 IST)
മെത്രാൻ കായലിലെ 425 ഏക്കർ നിലം നികത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി കെ പി സി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. നിലം നികത്തലുമായി ബന്ധപ്പെട്ട് പാർട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങ‌‌ൾ എടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും വി എം സുധീരൻ തിരുവനന്തപുരത്ത് വെച്ച് അറിയിച്ചു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സംബന്ധിച്ച് കെ പി സി സി ഉപസമിതി തീരുമാനം വരുന്നത് വരെ വിവാദപരമായ മറ്റു തീരുമാനങ്ങ‌ൾ പാടില്ല എന്ന് അറിയിച്ചിരുന്നതായും സുധീരൻ വെളിപ്പെടുത്തി. പാർട്ടിയുമായി ആലോചിക്കാതെയാണ് കായലിലെ നിലം നികത്താൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനമെടുത്തതെന്നും കെ പി സി സി ഉപസമിതി തീരുമാനത്തിന് വിരുദ്ധമാണ് ഈ ഉത്തരവെന്നും സുധീരൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹര്യത്തിൽ സർക്കാരോ പാർട്ടിയോ വിവാദങ്ങ‌ളിൽ ഉൾപ്പെടാതെ ശ്രദ്ധിക്കണമെന്നും നിലം നികത്താൻ നൽകിയ ഓർഡർ പിൻവലിക്കണമെന്നും സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയുടെ അനുവാദമില്ലാതെയും പാർട്ടിയോട് ആലോചിക്കാതെയും എടുക്കുന്ന നിലപാട് കെ പി സി സി ക്ക് നിരക്കുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു.

കുമരകം മെത്രാൻ കായൽ, പൊന്നാടൻ കായൽ തുടങ്ങി നെൽവയൽ നികത്താൻ മാർച്ച് ഒന്നിന്
റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ബിശ്വാസ് മേത്തയാണ് ഉത്തരവിറക്കിയത്.
2200 കോടി രൂപ നിക്ഷേപം വരുന്ന നിലം നികത്തൽ പദ്ധതി ടൂറിസം മേഖലയിൽ സംസ്ഥാനത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടി തരുമെന്നുമാണ് സർക്കാർ അവകാശപ്പെട്ടത്. ഒപ്പം സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലും പദ്ധതിയിൽ ഉൾപെടുത്തിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :