aparna|
Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (10:39 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ചൊവ്വാഴ്ചയാണ് ഇനി ജാമ്യഹര്‍ജി പരിഗണിക്കുക. താരത്തിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണിത്.
ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതിഭാഗം വക്കീലിന്റെ കൂടെ സമ്മതത്തോടെയാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സിനിമയില്‍ നിന്നു ദിലീപിനെ പുറത്താക്കാന്‍ ഈ മേഖലയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണു നടിയെ ആക്രമിച്ച കേസ് എന്ന വാദമാകും ദിലീപിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുക. അന്വെഷണ സംഘത്തിനെതിരെയും മഞ്ജു വാര്യര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നല്‍കരുതെന്നുമാകും പ്രോസിക്യൂഷന്‍ വാദിക്കുക.