തിരുവനന്തപുരം|
സജിത്ത്|
Last Modified വ്യാഴം, 27 ജൂലൈ 2017 (10:06 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ നടപടിക്ക് സാധ്യത. ഇക്കാര്യം സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിയമോപദേശം ലഭിച്ചു.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഒരു വാരികയ്ക്ക് അഭിമുഖം നല്‍കുന്നതിനിടയില്‍ വന്ന ഫോണ്‍ സംഭാഷണത്തിലായിരുന്നു സെന്‍കുമാര്‍ നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ബി സന്ധ്യ സെന്‍കുമാറിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടുളള നിയമോപദേശമാണ് ഇപ്പോള്‍ ബെഹ്‌റയ്ക്ക് ലഭിച്ചത്. സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ലഭിച്ചതായും അക്കാര്യവുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ച് വരുന്നതേയുളളൂയെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നുവരുകയാണ്.