ദിലീപേട്ടാ... ഞാന്‍ സുനിയാണ്, ജയിലില്‍നിന്നാണ് ഇതെഴുതുന്നത് - കത്തിന്റെ പൂര്‍ണരൂപം പുറത്ത്

എന്ന്, ഇതുവരെ വിശ്വസ്തതയോടെ സുനില്‍കുമാര്‍! - സുനി ദിലീപിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്

aparna| Last Modified ശനി, 15 ജൂലൈ 2017 (15:24 IST)
നടന്‍ ദിലീപിന്റെ അറസ്റ്റിനിടയാക്കിയ ആ പ്രധാന കത്തിന്റെ പൂര്‍ണരൂപം പുറത്ത്. കക്കനാട് ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്താണ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്. കൈരളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പള്‍സര്‍ സുനി ജയില്‍നിന്ന് ദിലീപിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം) :

‘ദിലീപേട്ടാ ഞാന്‍ സുനിയാണ്, ജയിലില്‍നിന്നാണ് ഇതെഴുതുന്നത്, വളരെ ബുദ്ധിമുട്ടിയാണ് കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി ഒന്നും അറിയില്ല. എനിക്കുവേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളു. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുംമുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയിലാണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇതെഴുതാന്‍ കാരണം, ഈ കേസില്‍ പെട്ടതോടുകൂടി എന്റെ ജീവിതംതന്നെ അവസാനിച്ചപോലെയാണ്.

എനിക്ക് എന്റെ കാര്യം നോക്കണ്ട കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചുപേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിക്കുന്നുണ്ട്. നീ എന്തിനാ ബലിയാടാവുന്നതെന്ന്, നീ നിന്നെ ഏല്‍പ്പിച്ചയാളുടെ പേരു പറയുകയാണെങ്കില്‍ നടിപോലും നിന്നോടു ക്ഷമിച്ചേനേയെന്ന്. നടിയുടെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്നുകാണുന്നുണ്ട്. ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെയെങ്കിലും എന്റെ അടുത്തേക്കു വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ച് കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിക്കു മറുപടിയൊന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണു ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ടു കാണണോ മിത്രമായിട്ടു കാണണോ എന്ന് എനിക്ക് അറിയേണ്ട കാര്യമില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരു ആളെ വിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്തു കിട്ടിക്കഴിഞ്ഞ് മൂന്നുദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൌണ്ട് തോമമുതല്‍ ജോസേട്ടന്‍സ് പൂരംവരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ. നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്തു വായിച്ചശേഷം ദിലീപേട്ടന്‍ പറയുക.

ഞാന്‍ ഒരാഴ്ച കഴിഞ്ഞാന്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ചു തീരുമാനം എടുക്കുക, എനിക്കു ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസംകൊണ്ടു തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം.

നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയില്‍ നമ്പറിലേക്ക് ഒരു 300 രൂപ മണിഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ കിട്ടിയാല്‍—ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ആര്‍പി നമ്പര്‍ 8813 കെയര്‍ ഓഫ് സൂപ്രണ്ട്. ജില്ലാ ജയില്‍ എറണാകുളം, സുനില്‍. ഈ അഡ്രസില്‍ അയച്ചാല്‍ മതി. ഇനി ഞാന്‍ കത്തു നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക, ഒരുപാടു കാര്യങ്ങള്‍ നേരിട്ടു പറയണമെന്നുണ്ട്. ഇനി എപ്പോള്‍ അതു പറയാന്‍പറ്റും എന്നറിയില്ല. എനിക്ക് ഇനീം സമയംകളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലിലാണെന്നുള്ള കാര്യം ഓര്‍മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞു വന്നാല്‍ അതു വിശ്വസിക്കേണ്ട. എനിക്ക് അനുകൂലമായ കാര്യങ്ങളാണ് കത്തു വായിച്ചിട്ടു പറയാനുള്ളതെങ്കില്‍ ഈ കത്തു കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. ഈ കത്തു വായിക്കുന്നവരേ ഞാന്‍ ചേട്ടനെ സേഫാക്കിയിട്ടേയുള്ളു.

എനിക്ക് ഇപ്പോള്‍ പൈസ ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാടു ശ്രമിച്ചതാണ്. നടക്കാത്തതുകൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്തു വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോടു പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിക്കാം. ”

എന്ന്
ഇതുവരെ വിശ്വസ്തതയോടെ
സുനില്‍കുമാര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :