രേണുക വേണു|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (16:16 IST)
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ക്ഷേത്ര ഉത്സവത്തിനു ആനയെ എഴുന്നള്ളിപ്പിച്ചത് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
ആനകള്‍ തമ്മിലുളള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും അഞ്ച് മീറ്റര്‍ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു.
വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്തത്. നാട്ടാനകളുടെ പരിപാലന ചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേര്‍ത്തുനിര്‍ത്തേണ്ടി വന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.