സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ക്ക് മാറ്റമില്ലെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും കെആര്‍ ഗൗരിയമ്മ. യുഡിഎഫ് വിടുന്നതിന് ജെഎസ്എസ് എടുത്ത തീരുമാനം മാറില്ല.
പാര്‍ട്ടി കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പ്രസിഡന്‍റായ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം പറയാനുള്ള അധികാരം ജനറല്‍ സെക്രട്ടറിയ്ക്കാണ്. രാജന്‍ബാബുവും കെകെ ഷാജുവുമല്ല അഭിപ്രായം പറയേണ്ടത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചിട്ടില്ല. ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി തീരുമാനമനുസരിച്ച് ജെഎസ്എസ്സില്‍ത്തന്നെ നില്കും.
ജെഎസ്എസ്സിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറയേണ്ടതില്ല. അദ്ദേഹം യോഗത്തിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതി.
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വിയോജിച്ചയാളാണ് അദ്ദേഹം. യുഡിഎഫില്‍ വിട്ടുപോവാന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയുടെ കുറെ നാളുകളായുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഗൗരിയമ്മ പറഞ്ഞു.