ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ പോയി അടിയുണ്ടാക്കിയ സംഭവത്തില്‍ പ്രശസ്‌ത സിനിമാനടന്‍ കലാഭവന്‍ മണിക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ ഡ്രീംവേള്‍ഡ് വാട്ടര്‍പാര്‍ക്കില്‍ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയല്‍ക്കാരായ കുട്ടികളടക്കം മുപ്പതോളം പേരുമായി വാട്ടര്‍ തീം പാര്‍ക്കിലെത്തിയ മണി കുട്ടികളെ എല്ലാവരെയും സൌജന്യമായി പാര്‍ക്കില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 19 കുട്ടികളാണ് മണിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ നിയമാനുസൃതമായ ഇളവ് മാത്രമേ കുട്ടികള്‍ക്ക് നല്‍കാനാവൂ എന്നും സൌജന്യമായി ആരെയും പ്രവേശിപ്പിക്കാനാവില്ലെന്നും തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കി.
ഇതോടെ പാസെടുത്തവരും അല്ലാത്തവരുമായ മുഴുവന്‍ പേരും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ ഉന്തും തള്ളുമായി. ഇതിനിടയിലാണ് വാട്ടര്‍പാര്‍ക്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കും മാനേജര്‍ക്കും പരുക്കേറ്റത്.
മണിയും സംഘവും ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണിയെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന മൂന്നുപേരെയും പ്രതിയാക്കി ചാലക്കുടി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മണിയുടെ പ്രതികരണം അറിവായിട്ടില്ല.