പ്രശസ്ത കഥകളി നടന്‍ ചിറക്കര മാധവന്‍കുട്ടിയെ ആറുമാസമായി കാണാനില്ലാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. പൂതക്കുളം ധര്‍മ്മശാസ്‌താ ക്ഷേത്രത്തിന് സമീപം കഥകളി വിദ്യാലയം നടത്തിവരികയും സമീപത്തെ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നു ചിറക്കര മാധവന്‍കുട്ടി. ആറുമാസമായി മാധവന്‍കുട്ടിയെ കാണാനില്ല എന്നാണ് നാരായണന്‍ നമ്പൂതിരി പറയുന്നത്. പ്രായാധിക്യം മൂലം ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുമ്പോള്‍ ഇടയ്‌ക്കിടെ ബന്ധുവീടുകളില്‍ പോയി നില്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഈ വീടുകളിലൊന്നും അദ്ദേഹം ചെന്നിട്ടില്ല.
വിവാഹം ചെയ്തിട്ടില്ലാത്ത രാമന്‍കുട്ടി ചിറക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പാണ് പൂതക്കുളത്തേക്ക് താമസം മാറ്റിയത്. ഇരവിപുരത്തെ സഹോദരിപുത്രിയുടെ വീട്ടിലും പരവൂര്‍ ഇടയാടിയിലുള്ള അനുജന്റെ വീടുകളിലുമാണ് ഇടയ്‌ക്കിടെ പോകാറുണ്ടായിരുന്നത്. ഇവര്‍ക്കും രാമന്‍കുട്ടി എവിടെയാണെന്ന് അറിയില്ല. 69 വയസുണ്ട് ഇദ്ദേഹത്തിന്. ചാത്തന്നൂര്‍ ചിറക്കരയില്‍ കുന്നുംവീട്ടില്‍ രാമന്‍പിള്ളയുടെയും ചെല്ലമ്മയുടെയും മകനായി 1942ലാണ് ജനനം.
കാലകേയവധത്തില്‍ ഉര്‍വശി, കീചക വധത്തില്‍ സൈരന്ധ്രി, നിഴല്‍കുത്തില്‍ മലയത്തി, രുഗ്മാംഗദ ചരിതത്തില്‍ മോഹിനി തുടങ്ങിയ വേഷങ്ങള്‍ ചിറക്കരയുടെ അഭിനയത്തികവില്‍ ശ്രദ്ധേയമായി. കേരള കലാമണ്ഡലത്തിന്റെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ചിറക്കര മാധവന്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജി എസ് ജയലാല്‍ എംഎല്‍എ പരവൂര്‍ പൊലീസില്‍ പരാതി നല്‍കി.