തലസ്ഥാനം ചെങ്കടലായി; മുഖ്യമന്ത്രിയുടെ രാജി അനിവാര്യമെന്ന് ദേശീയ നേതൃത്വം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ ഇടതുപക്ഷം രണ്ടും കല്‍പ്പിച്ചാണ് സമരമുഖത്തേയ്ക്കിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് ഇടത് ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാണെന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. പവന്‍ കുമാര്‍ ബന്‍സല്‍ റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യം ഓര്‍ക്കണം. ബന്ധുനടത്തിയ അഴിമതിയുടെ പേരിലായിരുന്നു അദ്ദേഹത്തിന്റെ രാജി. പൊതു സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം.വിനാശകാല വിപരീത ബുദ്ധി എന്നു മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ നടപടിയെകുറിച്ച് പറയാനൂള്ളുവെന്നും കാരാട്ട് പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും സിപിഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. കെ കരുണാകരന്‍ രാജിവച്ച സാഹചര്യം ഓര്‍മ്മിപ്പിച്ച ദേവഗൗഡ ഉമ്മന്‍ ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. സരിതയുമൊത്തുള്ള ചിത്രം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് ആ കസേരയില്‍ തുടരാന്‍ അവകാശമില്ലെന്ന് സുധാകര റെഡ്ഡി പറഞ്ഞു.
ചരിത്രത്തിന്റെ ഭാഗമാകുന്ന രാപ്പകല്‍ ഉപരോധ സമരമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ച നേതാക്കള്‍ പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് പിണറായി വിജയന്‍ അണികളോട് നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ. പോലീസിനെ പ്രകോപിപ്പിക്കുന്ന നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. സമരക്കാരെയും പതാകകളും കൊണ്ട് നഗരം ചെങ്കടലായി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നിരിക്കുന്നത്.