തന്‍റെ സേവനം യുഡിഎഫ് പ്രയോജനപ്പെടുത്തിയില്ല: ബാലകൃഷ്ണ പിള്ള

കൊല്ലം| WEBDUNIA|
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ വ്യക്തമായ ജയത്തിനു പിന്നാലെ നേതൃത്വത്തെ അസ്വസ്ഥരാക്കി പ്രസ്താവനകളും വന്നു തുടങ്ങി. സംസ്ഥാനത്ത് ആഞ്ഞടിച്ച യു ഡി എഫ് തരംഗം കൊല്ലത്ത് ഉണ്ടാക്കാന്‍ കഴിയാത്തതിനെതിരെയാണ് ഇപ്പോള്‍ മുറുമുറുപ്പ് ഉയരുന്നത്.

യു ഡി എഫ്‌ സംവിധാനം കൊല്ലത്ത്‌ പരാജയപ്പെട്ടതായി ആരോപിച്ച്‌ കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍ ബാലകൃഷ്ണ പിള്ളയാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. കൊല്ലത്ത് മത്സരിച്ച വിമതരെ പിന്തിരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ഇതിന്‌ മറുപടിയായി കൊല്ലം ഡിസിസി പ്രസിഡന്റ്‌ കടവൂര്‍ ശിവദാസനും സിഎംപി നേതാവ്‌ എം വി രാഘവനും രംഗത്തെത്തി.

കേരളം മുഴുവന്‍ യു ഡി എഫ്‌ തരംഗം ആഞ്ഞടിച്ചപ്പോള്‍ കൊല്ലത്തുമാത്രം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നത്‌ ദുഃഖകരമാണെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ പ്രസ്താവന. പ്രധാനപ്പെട്ട യുഡിഎഫ്‌ യോഗങ്ങള്‍ പോലും തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്നില്ല. ചിലയിടങ്ങളിലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള തന്‍റെ സേവനം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കൊല്ലം ജില്ലയിലെ യു ഡി എഫിന്‍റെ തോല്‍വിക്ക്‌ ന്യായീകരണം കണ്ടെത്തുകയാണ്‌ ബാലകൃഷ്ണപിള്ളയെന്ന് സി എം പി നേതാവ്‌ എം വി രാഘവന്‍ പറഞ്ഞു. യു ഡി എഫ്‌ സംവിധാനം ഫലപ്രദമായിരുന്നില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ പറയേണ്ടിയിരുന്നു. കുറച്ചുകൂടി യോജിച്ച്‌ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യു ഡി എഫിന്‌ ഇതിലും നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലെ മുതിര്‍ന്ന നേതാവായ ബാലകൃഷ്ണപിള്ളയെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കും മറ്റുമായി പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന്‌ കടവൂര്‍ ശിവദാസന്‍ പറഞ്ഞു.

ഇതിനിടെ പരസ്യപ്രസ്താവനയ്ക്ക്‌ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം വിലക്കേര്‍പ്പെടുത്തി. പരസ്യപ്രസ്താവന നടത്താതെ പരാതി കെ പി സി സിക്ക്‌ നേരിട്ട്‌ നല്‍കണമെന്നാണ്‌ കെപിസിസിയുടെ നേര്‍ദേശം. കൊല്ലത്തേയും കൊച്ചിയിലേയും യുഡിഎഫിലെ പൊട്ടിത്തെറിയാണ്‌ കെപിസിസിയെ ഇങ്ങനെയൊരു വിലക്കിന്‌ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :