ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയുടെ അന്തിമ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 16ലേക്ക് മാറ്റി. വി എസ് അച്യുതാനന്ദന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വാദം മാറ്റിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസില്‍ ബാലകൃഷ്ണപ്പിള്ളയേയും മറ്റുള്ളവരേയും വിട്ടയച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് വി എസ് ഹര്‍ജി നല്‍കിയത്.
2004ല്‍ നല്‍കിയ ഹര്‍ജി തീരുമാനമാകാത്തതിനാല്‍ കേസില്‍ അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. ഇടമലയാര്‍ കേസിലെ പ്രതികളെ ശിക്ഷിക്കുന്നതു വൈകിയാല്‍ അത് നിയമവ്യവസ്ഥയ്ക്കെതിരായ പരിഹാസമായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വീണ്ടും ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടത്.
കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍ ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ് കേസ്. ബാലകൃഷ്‌ണപിള്ള അടക്കം എട്ടു പ്രതികളാണ് കേസിലുള്ളത്.