തന്റെ പുസ്തകത്തെ ‘തെറി പുസ്തക’മാക്കി അപമാനിച്ചതിനെതിരെ കെ പി രാമനുണ്ണി കോടതിയില്‍

കോഴിക്കോട്| WEBDUNIA|
PRO
വയലാര്‍ അവാര്‍ഡ് നേടിയ തന്‍െറ കൃതിയെ അപഹാസ്യമായി ചിത്രീകരിച്ചതിനും മാനഹാനി ഉണ്ടാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനുമെതിരെ കെ പി രാമനുണ്ണി കോടതിയെ സമീപിച്ചു.

‘സാഹിത്യവിമര്‍ശം‘ മാസികയുടെ എഡിറ്റര്‍ സി.കെ. ആനന്ദന്‍പിള്ളയെയും ബഷീറിനെയും പ്രതിചേര്‍ത്ത് അഡ്വ പിവി ഹരി, അഡ്വ. എം സുഷമ എന്നിവര്‍ മുഖേന കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

മജിസ്ട്രേറ്റ് പി ടി പ്രകാശന്‍ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു. മാസികയുടെ ഏപ്രില്‍-മേയ് ലക്കം കവര്‍ പേജില്‍ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്‍െറ പുസ്തകം’ എന്ന തന്‍െറ കൃതിയെ ആഭാസകരമായി ചിത്രീകരിച്ചുവെന്ന് രാമനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

നോവലിലെ ഭാഗങ്ങള്‍ വളച്ചൊടിച്ച് അത് അശ്ളീലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡോ. എംഎം.ബഷീര്‍ ലേഖനത്തിലൂടെ ശ്രമിച്ചു. നോവലിസ്റ്റ് അസാന്മാര്‍ഗികനാണെന്നും വളഞ്ഞ മാര്‍ഗത്തിലൂടെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുന്നവനാണെന്നും അടിസ്ഥാനരഹിതമായി ലേഖനത്തില്‍ ആരോപിച്ചെന്നും രാമനുണ്ണി ചൂണ്ടിക്കാട്ടി.

ഒരു പുസ്തകത്തിന്‍െറ മുഖം വെട്ടി വികൃതമാക്കി അതിന്മേല്‍ ‘തെറിപ്പുസ്തകം’ എന്നെഴുതിവെച്ച സംഭവം കേരളത്തില്‍ ആദ്യമായാണ്. തന്‍െറ സാഹിത്യജീവിതത്തില്‍ ഇങ്ങനെ അപമാനവും വേദനയും അനുഭവിച്ച സന്ദര്‍ഭമുണ്ടായിട്ടില്ലെന്നും രാമനുണ്ണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :