കണ്ണൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 15 ജൂണ്‍ 2010 (11:36 IST)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം രണ്ടു പ്രതികള്‍ തടവു ചാടി രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ജയില്‍ എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് കണ്ണൂരിലെത്തി. ജയിലില്‍ പരിശോധന നടത്തിയതിനു ശേഷം അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
നിരീക്ഷണ കാമറ പ്രവര്‍ത്തിക്കാതിരുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണമായിരിക്കും എ ഡി ജി പി നടത്തുക.
കഴിഞ്ഞ ദിവസമാണ് വാഹന കവര്‍ച്ചാ കേസിലും കൊലക്കേസിലും പ്രതിയായ കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം സ്വദേശി ടി എച്ച് റിയാസ് (26), തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ (42) എന്നിവര്‍ തടവുചാടിയത്. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമായിരുന്നു തടവു ചാടി ഇവര്‍ രക്ഷപ്പെട്ടത്.
ഇതിനിടെ 120 ഏക്കര്‍ വരുന്ന ജയില്‍ വളപ്പ് പൊലീസും, ഡോഗ്സ്ക്വാഡും പരിശോധിച്ചു. തടവുകാര്‍ രക്ഷപ്പെട്ടതിന്‍റെ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.