തിരുവനന്തപുരം|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (15:07 IST)
പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പാറാവുകാരന്‍ കണിശമായും സല്യൂട്ട് നല്കിയിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ 'ഡിവൈഎസ്പി' തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറിവന്നു. പാറാവുകാരന്‍ സല്യൂട്ട് നല്കിയില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ചു സല്യൂട്ട് അടിപ്പിച്ചു.
തുടര്‍ന്ന് അകത്തേക്ക് കയറി മറ്റുദ്യോഗസ്ഥരെയും കണ്ടു. എന്നാല്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ 'പുതിയ' ഡിവൈഎസ്പിയെ കണ്ടുപോലും പരിചയമില്ലാതിരുന്ന എസ്ഐ മേലുദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചെയ്തു സംശയ നിവൃത്തി വരുത്തി - ഇത് വ്യാജന്‍ തന്നെയെന്ന് കണ്ടെത്തി. തുടര്‍ന്ന് പിടിച്ച് അഴിക്കുള്ളിലാക്കി.
ഇതിനിടെ ഡിവൈഎസ്പിക്ക് പിറകേ മറ്റൊരാളും സ്റ്റേഷനിലേക്ക് ഓടിയെത്തി. കാര്യം തിരക്കിയപ്പോഴാണ് കഥ മുഴുവന്‍ വെളിപ്പെട്ടത്. താന് എടിഎസിലെ ഡിവൈഎസ്പി ആണെന്നും സെക്യൂരിറ്റി ഫോഴ്സില്‍ കാല്‍ ലക്ഷം രൂപ ശമ്പളമുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവിയില്‍ ജോലി ശരിപ്പെടുത്താമെന്നും പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളാണ് 51 കാരനായ ഡിവൈഎസ്പി ചമഞ്ഞെത്തിയ പ്രദീപ് എന്ന് വ്യക്തമായി.
പുന്നപ്ര കളര്‍കോട് ഐക്കര വീട്ടില് എ കെ പ്രദീപ് എന്നയാള്‍ ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. ഡിവൈഎസ്പി ആണെന്ന് വിശ്വസിപ്പിക്കാനായിരുന്നു തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ അസമയത്തുള്ള സന്ദര്‍ശനം. ഡിവൈഎസ്പി തന്നെയാണോ ഇയാള്‍ എന്ന് കണ്ടെത്താനായിരുന്നു കൂടെ വന്നയാള്‍ പിറകേ വന്നത്.
തട്ടിപ്പിനിരയായ സഞ്ജയ് കുമാര്‍ എന്നയാളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാപ്പനംകോട് വിശ്വംഭരന്‍ റോഡ് കല്പക ഗാര്‍ഡന്‍സില്‍ ശരണ്യയിലായിരുന്നു ഇയാള് താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് തമ്പാനൂര്‍ സി ഐ പൃഥ്വിരാജ് അറിയിച്ചു.