ട്രാക്കിലെ പീഡനം, കൊല; ഒറ്റക്കയ്യന്റെ റിമാന്‍ഡ് നീട്ടി

ചാവക്കാട്| WEBDUNIA|
PRO
PRO
എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്തിരുന്ന ഷൊര്‍ണൂര്‍ മഞ്ഞക്കാട്‌ മുല്ലക്കല്‍ സൗമ്യയെ (24) ട്രെയിനില്‍ നിന്നു തള്ളിയിട്ട്‌ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട്‌ സേലം സ്വദേശി ഗോവിന്ദസ്വാമിയുടെ റിമാന്‍ഡ്‌ കാലാവധി ചാവക്കാട് കോടതി മെയ്‌ മൂന്നുവരെ നീട്ടി. വടക്കാഞ്ചേരി മജിസ്ട്രേറ്റ്‌ അവധിയിലായതിനെ തുടര്‍ന്നാണ് ചാവക്കാട് കോടതിയിലേക്ക് പ്രതിയെ കൊണ്ടുവന്നത്. മജിസ്ട്രേറ്റ്‌ ടി ശ്രീകുമാറാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്‌. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ റിമാന്‍ഡ്‌ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12 മണിയോടെയാണ് കനത്ത പോലിസ്‌ കാവലില്‍ ഗോവിന്ദച്ചാമിയെ ചാവക്കാട്‌ കോടതിയില്‍ കൊണ്ടുവന്നത്‌. ഇയാളെ കൊണ്ടുവരുന്നതറിഞ്ഞു നിരവധി നാട്ടുകാരും തടിച്ചു കൂടിയിരുന്നു. വടക്കാഞ്ചേരി കോടതിയില്‍നിന്നും ജീവനക്കാര്‍ ഫയലുകളുമായി എത്തിയശേഷമാണു കേസ്‌ വിളിച്ചത്‌. നിമിഷങ്ങള്‍ക്കകം മജിസ്‌ട്രേറ്റ്‌ റിമാന്‍ഡ്‌ നീട്ടിക്കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചു. പിന്നീട്‌ ഇയാളെ വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോയി.

ഗോവിന്ദച്ചാമിക്കെതിരെ കൊലപാതകം, കവര്‍ച്ച, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രത്യേകഅന്വേഷണ സംഘം കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐ.പി.സി 302, 397, 376 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ 156 സാക്ഷിമൊഴികളും 70 തൊണ്ടിമുതലുകള്‍ കുറിച്ചുള്ള വിവരങ്ങളും 60 രേഖകളും വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്‌.

പുരുഷബീജം, രക്തം എന്നിവയുടെ ഡി.എന്‍.എ പരിശോധനാഫലം ആന്തരാവയവങ്ങളുടെ ഫോറന്‍സിക്‌ റിപ്പോര്‍ട്ട് എന്നിങ്ങനെ ശാസ്ത്രീയമായ തെളിവുകളും അഞ്ഞൂറോളം പേജ്‌ വരുന്ന കുറ്റപത്രത്തിലുണ്ട്‌. ഗോവിന്ദച്ചാമിക്കെതിരേ തമിഴ്‌നാട്ടില്‍ നിലവിലുള്ള കേസുകളെക്കുറിച്ചും മുമ്പു ശിക്ഷിക്കപ്പെട്ട ഒമ്പത്‌ കേസുകളെക്കുറിച്ചുമുള്ള വിശദവിവരങ്ങളും ഇതിലുണ്ട്‌. തമിഴ്‌നാട്ടുകാരും കേരളക്കാരും സാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്‌. ഗോവിന്ദച്ചാമിയെ ചാവക്കാട്‌ കോടതിയില്‍ ഹാജരാക്കിയ വിവരമറിഞ്ഞ്‌ നിരവധിപേരാണ്‌ കോടതിപരിസരത്തെത്തിയത്‌.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു നാടിനെ നടുക്കിയ സൗമ്യയുടെ കൊലപാതകം. കഴിഞ്ഞ ഫെബ്രുവരി ഒന്നിനു രാത്രിയാണു എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന സൗമ്യയെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം പുറത്തേക്കു തള്ളിയിട്ട്‌ പ്രതി പീഡിപ്പിച്ചത്‌. ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലായിരുന്ന സൗമ്യ ആറിന്‌ ആശുപത്രിയില്‍ മരിച്ചു. സംഭവം നടന്നതിന്റെ മൂന്നാം ദിവസം തന്നെ ഗോവിന്ദസ്വാമിയെ പോലീസ്‌ പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :