ടെസില്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി ആരോപണം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടെസില്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടതായി ആരോപണം.സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ഉടമസ്ഥാവകാശമുള്ള കമ്പനി തുച്ഛവിലയ്ക്ക് വിറ്റതാണ് ആരോപണം ഉയരാന്‍ കാരണം. കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തിച്ചിരുന്ന ടെസിലാണ് പൊളിച്ചുവില്‍ക്കാന്‍ കൈമാറിയത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിവാദത്തിലായ തോമസ് കുരുവിളയാണ് ഇടപാടില്‍ ഇടനിലക്കാരന്‍. ചെന്നൈയിലെ പ്രമുഖ ആക്രി കച്ചവടക്കാരായ കുമാരവേലു, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 72 കോടി രൂപയ്ക്ക് ടെസിലിന്റെ യന്ത്രസാമഗ്രികള്‍ വാങ്ങിയത്.

ഇപ്പോഴും ദിവസേന 10 ലോഡ് വരെ ആക്രി സാധനങ്ങള്‍ ചിങ്ങവനത്ത് നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നുണ്ട്. വായ്പ കുടിശ്ശികയുടെയും വാണിജ്യ നികുതി കുടിശ്ശികയുടേയും വൈദ്യുതി നിരക്ക് കുടിശ്ശികയുടേയും പേരില്‍ ജപ്തി നടപടി നേരിടുന്ന സാമഗ്രികളാണ് പൊളിച്ചു കടത്തുന്നത്. ഐഡിബിഐ. ബാങ്ക്, വാണിജ്യ നികുതി വകുപ്പ്, കെഎസ്ഇബി എന്നിവര്‍ക്കെല്ലാം ഈ സ്വത്തില്‍ അവകാശമുണ്ട്.

കോട്ടയം ചിങ്ങവനത്തെ ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ടെസിലാണ് ഉടമയായ എസ്ബി സൊമാനി ചട്ടവിരുദ്ധമായി ആക്രിവിലയ്ക്കു വിറ്റത്. ഇതിനു വേണ്ട ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്തത് തോമസ് കുരുവിളയാണ്. ചെമ്പ് അടക്കമുള്ള വിലയേറിയ ലോഹസാമഗ്രികള്‍ കമ്പനിയിലുണ്ട്. ടെസിലിന്റെ ഉടമസ്ഥതതയില്‍ പത്തനംതിട്ടയിലെ അള്ളുങ്കലിലും കാരിക്കയത്തും ഉണ്ടായിരുന്ന രണ്ട് ജലവൈദ്യുത പദ്ധതികളും ഇതേ രീതിയില്‍ ചട്ടവിരുദ്ധമായി മറിച്ചുവിറ്റിരുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് ടെസിലില്‍ പങ്കാളിത്തമുണ്ട്. കെഎസ്ഐഡിസി മുഖേന സര്‍ക്കാരിനും ഓഹരിയുണ്ട്. ഈ അവകാശങ്ങളെല്ലാം അവഗണിച്ചായിരുന്നു സൊമാനിയുടെ കച്ചവടം. ഇതോടൊപ്പം ടെസില്‍ സ്ഥിതി ചെയ്യുന്ന 40 ഏക്കര്‍ ഭൂമി മറിച്ചുവില്‍ക്കാനും ശ്രമം തുടങ്ങി. ഇതില്‍ 11.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്.

ബാക്കി ഭൂമി സൊമാനി തുച്ഛമായ വില നല്‍കി സ്വന്തമാക്കിയതാണ്. സ്‌പെഷല്‍ തഹസില്‍ദാറെക്കൊണ്ട് സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് എടുപ്പിച്ചതടക്കമുള്ള ഭൂമി നിയമവിരുദ്ധമായി മറിച്ചുവില്‍ക്കാനാണ് ഇപ്പോള്‍ തോമസ് കുരുവിളയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. തിരുവല്ല, റാന്നി മേഖലകളില്‍ നിന്നുള്ള 15 ഓളം വിദേശമലയാളികളില്‍നിന്ന് 10 കോടി രൂപ അഡ്വാന്‍സായി വാങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വ്യവസായികളായ തിരുവല്ല മുത്തൂരിലെ രണ്ട് സഹോദരന്മാരില്‍ നിന്നാണ് കൂടുതല്‍ തുക വാങ്ങിയിരിക്കുന്നത്. വില്പനയ്ക്ക് ഒരു സാദ്ധ്യതയുമില്ലാത്ത ഭൂമിയുടെ പേരിലാണ് ഈ തട്ടിപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :