ടിപി വധക്കേസിലെ പ്രതികളുടെ ചട്ടലംഘനം: ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് മുല്ലപ്പള്ളി

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി വധക്കേസിലെ പ്രതികളുടെ ജയിലിലെ ചട്ടലംഘനം ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍ക്കാണ് വീഴ്ച പറ്റിയതെന്ന് താന്‍ പറയുന്നില്ല. ജയില്‍ അധികൃതര്‍ക്കു വീഴ്ചപറ്റി. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി വേണം. പിക്‌നിക്കിന് പോയ അവസ്ഥയിലാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നത്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. ജയിലില്‍ മൊബൈല്‍ ഉപയോഗം കണ്ടെത്താനുള്ള സംവിധാനം വേണം. പ്രതികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ടി.പി വധക്കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണം. പ്രതികളെ വെറുതെ വിട്ട വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് അഭിപ്രായം. ഇനിയും അതിനു സാധ്യതയുണ്ട്. ജയിലില്‍ കള്ളക്കടത്ത് കേസിലെ കുറ്റവാളി സന്ദര്‍ശനം നടത്തിയതും വീഴ്ചയാണ്. ഫയിസിനെതിരെ കേസെടുക്കാത്തതും കുറ്റകരമാണ്. ജയിലിലെ ശുദ്ധീകരണം ഒറ്റരാത്രി കൊണ്ട് നടക്കില്ല. ജയിലുകള്‍ വെള്ളരിക്കാപട്ടണമാക്കരുത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. യുഡിഎഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും നീതി ലഭിക്കണം. ആര്‍ക്കായാലും നീതി നിഷേധം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇന്റലിജന്‍സ് എഡിജിപിയുമായും മുല്ലപ്പള്ളി ചര്‍ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :