ടി പി വധത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: വി എസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍റെ വധത്തിന് പിന്നില്‍ സി പി എം അല്ലെന്ന് പറഞ്ഞാല്‍ അത് വിശ്വാസത്തിലെടുക്കാനാവാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. ഷൊര്‍ണൂര്‍, ഒഞ്ചിയം സംഭവങ്ങളില്‍ നിന്ന് പാര്‍ട്ടി പാഠം പഠിച്ചിട്ടില്ലെന്നും വി എസ്. തന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കെതിരായ നടപടിക്കെതിരെ പ്രകാശ് കാരാട്ടിന് നല്‍കിയ കത്തിലാണ് വി എസ് പാര്‍ട്ടി നയങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

തന്നെ നിയമപരമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് സഹായികള്‍ക്കെതിരെ നടപടിയെടുത്ത് തന്‍റെ ചിറകരിയാന്‍ ശ്രമിക്കുന്നതെന്ന് വി എസ് കത്തില്‍ ആരോപിക്കുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ് ക്രീം കേസുമായി ഞാന്‍ മുന്നോട്ടു പോയപ്പോള്‍ സി പി എം നേതാക്കളില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നയാളാണ് പാര്‍ട്ടി സെക്രട്ടറിയുടെ അഭിഭാഷകനായി ഇപ്പോള്‍ കോടതിയില്‍ ഹാജരാകുന്നത്. ചില നേതാക്കള്‍ യു ഡി എഫുമായി ചേര്‍ന്നുപോകുകയാണ്. ഭൂമിദാനക്കേസില്‍ എനിക്കെതിരെ ഗൂഢാലോചന നടന്നു. എന്നാല്‍ നിയമപരമായി എന്നെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ സഹായികള്‍ക്കെതിരെ നടപടിയെടുത്ത് ചിറകരിയാനാണ് ശ്രമം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തന്നെ വാര്‍ത്ത ചോര്‍ത്തുന്ന സാഹചര്യമുണ്ട് - വി എസ് കത്തില്‍ പറയുന്നു.

ടി പി വധക്കേസില്‍ ആരാണ് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ എന്ന് വ്യക്തമാക്കണമെന്ന് കാരാട്ടിന് നല്‍കിയ കത്തില്‍ വി എസ് ആവശ്യപ്പെടുന്നു. കമ്മീഷന്‍ ആരാണെന്നറിയാതെ ആര്‍ക്ക് മുമ്പിലാണ് തെളിവ് നല്‍കേണ്ടതെന്നും വി എസ് ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :