ടി പി വധം: എഴുതാതിരിക്കാന്‍ കഴിയാതെ തിരുവഞ്ചൂരിന്‍െറ ‘സത്യാന്വേഷണ രേഖകള്‍‘

കോഴിക്കോട്| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ‘സത്യാന്വേഷണ രേഖകളെ’ന്ന മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകം വിപണിയില്‍‍.

ടി പി വധക്കേസ് അന്വേഷവുമായി ബന്ധപ്പെട്ട സംഭവങ്ങളും ആഭ്യന്തരമന്ത്രിയായിരുന്ന തന്റെ അനുഭവങ്ങളുമടങ്ങിയ തിരുവഞ്ചൂരിന്റെ പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

എഴുതാതിരിക്കാന്‍ കഴിയാതിരിക്കുമ്പോള്‍മാത്രം എഴുതണമെന്ന് ആമുഖത്തില്‍ വ്യക്തമാക്കിയാണ് പുസ്തകം തുടങ്ങിയിരിക്കുന്നത്.

‘ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂടുതല്‍ ഉന്നതരായ പ്രതികള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. എന്നാല്‍, അതിന് ഉപോദ്ബലകമായ തെളിവുകള്‍ ലഭിച്ചില്ല.

അത്തരം തെളിവുകള്‍ ലഭിക്കാന്‍ ഏത് ഏജന്‍സിയെക്കൊണ്ടും തുടരന്വേഷണം നടത്താവുന്നതാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നുവെന്നും‘ തിരുവഞ്ചൂര്‍ പുസ്തകത്തില്‍ പറയുന്നു.

കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് അംഗവും കണ്ണൂര്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പങ്കാളികളായി. അതിനാലാണ് മുകളില്‍ നിന്നുള്ളവരുടെ അറിവോടെയല്ലാതെ കൊല നടക്കില്ലെന്ന് സിപിഎമ്മില്‍ നിന്ന് പുറത്ത് വന്നവര്‍ പറയുന്നതെന്നും തിരുവഞ്ചൂര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

അമ്പതു വര്‍ഷം പിന്നിട്ട തന്റെ പൊതുജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ടിപി കേസ് എന്ന് തിരുവഞ്ചൂര്‍ പറയുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറെ നേരിട്ടത് ഈ കേസുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ അവതാരിക എഴുതിയ പുസ്തകം ജയിലിലെ പാര്‍ട്ടിഗ്രാമങ്ങള്‍, കൊലപാതകവും അന്വേഷണവും എന്നിങ്ങനെ അധ്യായങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയക്കൊലപാതകക്കേസില്‍ ഗൂഢാലോചനക്കാരിലെ ഒരുസംഘം ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും രമ അവതാരികയില്‍ പറയുന്നുണ്ട്.

ഏഴ് അധ്യായമായി 90 പേജുള്ള പുസ്തകം പ്രകാശനച്ചടങ്ങൊന്നുമില്ലാതെയാണ് വിപണിയിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :