ടി പി കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഗുണം ചെയ്യുമെന്ന് വി എസ്

ആലപ്പുഴ| WEBDUNIA|
PRO
PRO
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ തനിക്ക് തൃ‌പ്തിയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടിപി വധം നടന്നത് സിപിഎം മുന്‍കൈ എടുത്താണെന്ന് അദ്ദേഹത്തിന്റെ കുടുംബം സംശയിച്ചു. സഹപ്രവര്‍ത്തകരെ കൊല്ലുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കെസി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും വിഎസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ല. 1956ലെ ഇ.എം.എസ് സര്‍ക്കാരില്‍ മുണ്ടശേരി മാസ്റ്റര്‍,​ കൃഷ്ണയ്യര്‍ എന്നിവരെല്ലാം സ്വതന്ത്രരായിരുന്നുവെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആര്‍എസ്പി മുന്നണി വിട്ടുപോയത് തെരഞ്ഞെടുപ്പില്‍ ബാധിക്കില്ല. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇടതുപക്ഷം നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത ആര്‍എസ്പി നേതാവ് പ്രേമചന്ദ്രന്‍ നേരം പുലര്‍ന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍,​ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നും വിഎസ് പരിഹസിച്ചു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയസാധ്യതയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പ്രചാരണം കൂടുതല്‍ ശക്തമാകുമ്പോള്‍ വ്യക്തമായ അഭിപ്രായം പറയാമെന്നാണ് താന്‍ പറഞ്ഞത്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ മുന്‍ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും വിഎസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :