ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാം. സംസ്ഥാന സര്‍ക്കാരിന്‍റെ ‘രണ്ടു രൂപ അരി പദ്ധതി’ നടപ്പാക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് അരിവിതരണത്തിനുള്ള നിരോധനം നീക്കാന്‍ കമ്മീഷന്‍ തയ്യാറായത്.
പ്രതിമാസം 25000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും രണ്ടര ഏക്കറില്‍ കുറവ് ഭൂമിയുള്ളവര്‍ക്കും ‘രണ്ടു രൂപ അരി’ക്കുവേണ്ടി അപേക്ഷനല്‍കാം. ഞായറാഴ്ച മുതല്‍ അരിവിതരനം ആരംഭിക്കുമെന്ന് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അരിവിതരണത്തിന് ഹൈക്കോടതി പച്ചക്കൊടി കാണിച്ചെങ്കിലും കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഈ പദ്ധതി നടപ്പാക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.