'ജോര്‍ജ്ജിനെതിരായ നടപടി വച്ചുനീട്ടരുത്, എനിക്കെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല'; സ്വരം കടുപ്പിച്ച് മാണി

മാണി, ജോര്‍ജ്, ബാര്‍, ബാബു, ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി
കോട്ടയം| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (17:15 IST)
പി സി ജോര്‍ജ്ജിനെതിരായ അച്ചടക്ക നടപടി നീട്ടരുതെന്ന് ധനമന്ത്രി കെ എം മാണി. പാര്‍ട്ടി ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നോ നാളെയോ നടപടി വേണമെന്ന ധൃതിയില്ലെന്നും എന്നാല്‍ നടപടി അധികം വച്ചുനീട്ടരുതെന്നും മാണി പറഞ്ഞു. ജോര്‍ജ്ജിനെതിരായ നടപടി പാര്‍ട്ടിയുടെ ആവശ്യമാണ്. മുഖ്യമന്ത്രി അത് നിരാകരിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി നീതിബോധമുള്ള ആളാണെന്നും കെ എം മാണി പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മാണി വ്യക്തമാക്കി. നിയമപരമായും ധാര്‍മ്മികമായും കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എനിക്കെതിരെ കേസെടുത്തതുകൊണ്ട് ആരോപണവിധേയരായ മറ്റ് മന്ത്രിമാര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടില്ല. ഞാന്‍ അങ്ങനെ ആവശ്യപ്പെടുന്ന ആളല്ല - മാണി വ്യക്തമാക്കി.

ഞാന്‍ രാജിവയ്ക്കണമെന്ന് ഒരുപാടുപേര്‍ ആഗ്രഹിക്കുന്നുണ്ട്. മൂപ്പിലാന്‍ എത്രയും വേഗം പുറത്തുപോകണമെന്ന് ആഗ്രഹമുള്ളവര്‍ കാണും. എന്നെ ജനങ്ങളാണ് തെരഞ്ഞെടുത്തത്. എനിക്ക് അവരോട് ഉത്തരവാദിത്തമുണ്ട്. പള്ളിക്കൂടപ്പിള്ളേര്‍ ചെയ്യുന്നതുപോലെ ഇട്ടിട്ടുപോകാനാവില്ല - മാണി പറഞ്ഞു.

ചാലക്കുടിയില്‍ ധ്യാനത്തിനുപോകാനായി യാത്രതിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :