ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ചുമക്കാനാകില്ല: മന്ത്രിമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് എം എല്‍ എമാരും മന്ത്രിമാരും രംഗത്ത്. ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ലെന്നും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും ഈ ആവശ്യമുന്നയിച്ചു.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ ജോര്‍ജിനെതിരെ പ്ലക്കാര്‍ഡുകളുമായി ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിയ്ക്കും സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

ഇതിനിടെ വി എസ് സുനില്‍കുമാര്‍ എം എല്‍ എ ജോര്‍ജിന് നേരെ ചെരുപ്പോങ്ങുകയും ചെയ്തു. എല്ലാവരും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ഒളിക്യാമറവച്ച് കുടുക്കുകയായിരുന്നു എന്ന് ജോര്‍ജ് പറഞ്ഞു. ടി വി തോമസിനെപ്പോലെയുള്ള നേതാക്കളോട് തനിക്ക് ബഹുമാനമാണ്. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :