ജോയ് ആലുക്കാസ് വിമാനത്തില്‍ പൈലറ്റാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്

കൊച്ചി| jj| Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (16:11 IST)
പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ വക ജെറ്റ് എയര്‍വേസില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ജോയ് ആലുക്കയുടെ മകന്‍ ജോണ്‍ പോളിന്‍റെ പേരില്‍ ആള്‍മാറാട്ടവും നടത്തിയായിരുന്നു തട്ടിപ്പിനു അരങ്ങൊരുക്കിയത്. എങ്കിലും പണി പാളി പൊലീസ് പിടിയിലായി.

തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്‍റോ എന്നിവരാണു നെടുമ്പാശേരി പൊലീസിന്‍റെ പിടിയിലായത്. ഇവര്‍ ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഒരു സബ്സിഡിയറി കമ്പനി ജീവനക്കാരാണ്‌. മുംബൈ സ്വദേശി സൌരവിനു പൈലറ്റ് ജോലി വാദാനം ചെയ്തായിരുന്നു തട്ടിപ്പിനു തുനിഞ്ഞത്.

കഥയിങ്ങനെ: തലസ്ഥാന നഗരിയില്‍ നിന്ന് ആദില്‍ കൊച്ചിയില്‍ വിമാനമിറങ്ങുകയും തുടര്‍ന്ന് ബെന്‍സ് കാര്‍ വാടകയ്ക്കെടുത്ത് കൊച്ചിയിലെ മുന്തിയ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്‍റര്‍വ്യൂ ചെയ്യാനായി തയ്യാറെടുത്തു. സൌരവിനെ ഇന്‍റര്‍വ്യൂ ചെയ്യുകയും ചെയ്തു. ഇതിനൊപ്പം പൈലറ്റ് നിയമന ഉത്തരവും വ്യാജ ലെറ്റര്‍ പാഡില്‍ സൌരവിനു നല്‍കി. എന്നാല്‍ നിയമനം ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു പെരുമാറ്റത്തില്‍ സംശയം തോന്നിയ സൌരവ് ആലുക്കാസ് ഗ്രൂപ്പുമായി തന്നെ നേരിട്ടു ബന്ധപ്പെട്ടതോടെ ഇന്‍റര്‍വ്യൂ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആലുവ ഡി വൈ എസ് പി പി പി ഷംസിന്‍റെ നിര്‍ദ്ദേശ പ്രകാരം നെടുമ്പാശേരി സി ഐ മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ വലയിലുമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :