ചാനല്ചര്ച്ചകള്ക്കും പരസ്പരമുള്ള ചൂടന്‍ വാഗ്വാദങ്ങള്‍ക്കും വിരാമമിടാന്‍ മുന്‍കൈ എടുത്ത് സിപിഐ നേതാക്കള്‍ ജയിലിലെത്തി. സിപിഐ നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എന്നിവരെ സന്ദര്‍ശിച്ചു. എന്നാല്‍ സന്ദര്‍ശനം പ്രത്യേക തീരുമാനം അനുസരിച്ചല്ലെന്നും വൈകിയത് സമയക്കുറവായതിനാലാണെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി രവീന്ദ്രന് പറഞ്ഞു.
രവീന്ദ്രന്റെ നേതൃത്വത്തിലാണ് സംഘം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്നാണ് പരസ്യവിമര്‍ശനം ഒഴിവാക്കി ഒത്തുതീര്‍പ്പിലെത്താന്‍ ഇരു വിഭാഗവും തീരുമാനിച്ചത്.
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഹര്‍ത്താലില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഇരുകക്ഷികളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്. സിപിഐയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയതോടെ വാക് പോരിന് ശക്തിയേറിയിരുന്നു.