ജോണ്‍ കെ ഏലിയാസ്|
Last Modified വെള്ളി, 4 നവംബര്‍ 2016 (20:18 IST)
വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ സി പി എം നേതാവും നഗരസഭാ കൌണ്‍സിലറുമായ പി എന്‍ ജയന്തനെ പാര്‍ട്ടി സംരക്ഷിക്കുമോ? കേരളത്തിലെ ജനങ്ങളുടെയാകെ ചോദ്യമാണിത്. ജയന്തനെ സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചെങ്കിലും അത് തീരുമാനിക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ കണ്ടപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചില വലിയ സംശയങ്ങള്‍ ഉണര്‍ത്തുന്നതാണ്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജനെ പുറത്താക്കിയ സി പി എം സ്ത്രീപീഡനക്കേസില്‍ അകപ്പെട്ട ജയന്തനെ സംരക്ഷിച്ചേക്കുമെന്ന സൂചനയാണ് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. പീഡനത്തിനിരയായ യുവതിയുടെ പേര് പലതവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു. അതിലെ അനൌചിത്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ജയന്തന്‍റെ പേര് പറയാമെങ്കില്‍ ഇതുമാകാം’ എന്നായിരുന്നു രാധാകൃഷ്ണന്‍റെ നിലപാട്.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും ജയന്തന്‍ മുനിസിപ്പല്‍ കൌണ്‍സിലറായി തുടരുമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീ തന്‍റെ കുഞ്ഞിനെപ്പോലും നോക്കാത്തയാളാണെന്ന ആരോപണവും ജില്ലാ സെക്രട്ടറി ഉയര്‍ത്തി. ജയന്തന്‍ നിരപരാധിയാണെങ്കില്‍ സംരക്ഷിക്കുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
നിരപരാധിയാണ് ജയന്തനെങ്കില്‍ അദ്ദേഹം സംരക്ഷിക്കപ്പെടേണ്ടയാള്‍ തന്നെയാണ്. അതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ജയന്തന്‍ കുറ്റവാളിയാണെങ്കില്‍, കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നിയമപരമായ ശിക്ഷ ലഭിക്കണം. അതിന് നല്ല രീതിയിലുള്ള അന്വേഷണം നടക്കണം. നഗരസഭാ കൌണ്‍സിലറായി തുടരുമ്പോള്‍ ജയന്തനെതിരെയുള്ള അന്വേഷണം എത്രമാത്രം സത്യസന്ധമായിരിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.
ജയന്തനെ പൂര്‍ണമായും കൈയൊഴിയാതെയുള്ള ഈ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പൊലീസില്‍ നിന്ന് ജനങ്ങള്‍ നീതി പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ട്. വടക്കാഞ്ചേരി പീഡനക്കേസില്‍ സത്യം പുറത്തുവരണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന ജനസമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമം അധികാരികളില്‍നിന്ന് ഉണ്ടാകില്ലെന്ന് കരുതാം.