ഏറ്റെടുക്കലിനുള്ള ക്രാഫ്റ്റിന്‍റെ വാഗ്ദാനം ചോക്ലേറ്റ് നിര്‍മാണ രംഗത്തെ ബ്രിട്ടീഷ് ഭീമന്‍മാരായ കാഡ്ബറീസ് അംഗീകരിച്ചു. 19.7 ബില്യന്‍ ഡോളറിന്‍റെ വാഗ്ദാനമാണ് കാഡ്ബറി സ്വീകരിച്ചത്. രണ്ട് തവണ തള്ളിക്കളഞ്ഞ ശേഷമാണ് ക്രാഫ്റ്റിന്‍റെ വാഗ്ദാനം കാഡ്ബറി അംഗീകരിച്ചത്.
നേരത്തെ ഓഹരികളില്‍ ക്രാഫ്റ്റ് വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപമായ 16.5 ബില്യണ്‍ ഡോളര്‍ അംഗീകരിക്കാനാവില്ലെന്ന് കാഡ്ബറി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരിക്കുമെന്നും ക്രാഫ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക വളരെ കുറവാണെന്നും കാണിച്ചാണ് കഡ്ബറീസ് ഏറ്റെടുക്കല്‍ വാഗ്ദാനം തള്ളിയിരിക്കുന്നത്.
കാഡ്ബറിയെ ഏറ്റെടുക്കാന്‍ നേരത്തെ നല്‍കിയ 10 ബില്യണ്‍ പൌണ്ടിന്‍റെ വാഗ്ദാനം ഉയര്‍ത്താന്‍ തയ്യാറാണെന്ന് ക്രാഫ്റ്റ് നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്നാണ് തുക ഉയര്‍ത്തിക്കൊണ്ട് ക്രാഫ്റ്റ് വീണ്ടും നിര്‍ദ്ദേശം വച്ചത്. കാഡ്ബറിയെ ഏറ്റെടുക്കാന്‍ മറ്റ് കമ്പനികളും രംഗത്തെത്തിയതോടെയാണ് ക്രാഫ്റ്റ് തുക ഉയര്‍ത്തിയത്. ഫെബ്രുവരി രണ്ട് മുതലാണ് ക്രാഫ്റ്റിന്‍റെ നിക്ഷേപം നിലവില്‍ വരിക.
മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഹെര്‍ഷെയും കാഡ്ബറിയ്ക്കായി രംഗത്തെത്തിയിരുന്നു. സ്വിസ് ഭക്‍ഷ്യ നിര്‍മാതാക്കളായ നെസ്റ്റ്‌ലെയും ഇറ്റലിയിലെ ഫെറേറൊ ഗ്രൂപ്പും കാഡ്ബറിക്കായി വിലപേശല്‍ നടത്തിയെങ്കിലും ക്രാഫ്റ്റിന്‍റെ വാഗ്ദാനം അന്തിമമായി അംഗീകരിക്കുകയായിരുന്നു. 60 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന കാഡ്ബറിയുടെ ഏറ്റവും മികച്ച വിപണി ഇന്ത്യയാണ്.