ചെകുത്താന്റെ അവതാരങ്ങളെയാണ് മാധ്യമങ്ങൾ "ആൾദൈവം" എന്ന് പ്രചരിപ്പിക്കുന്നത്: ജോയ്മാത്യു

വിപ്ലവം തുപ്പുന്ന ആരെങ്കിലും ഇത്തരം ചെകുത്താന്‍ സേവക്കെതിരെ കോടതിയെ സമീപിക്കുമോയെന്ന് ജോയ്മാത്യു

സജിത്ത്| Last Updated: ഞായര്‍, 27 ഓഗസ്റ്റ് 2017 (15:00 IST)
ആള്‍ദൈവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ വിപ്ലവകാരികളും തിരഞ്ഞെടുപ്പാകുന്ന വേളയില്‍ പത്തിമടക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മേധാവി ഗുര്‍മീത് സിങ് റാം റഹീമിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ ഈ അഭിപ്രായപ്രകടനം. ഇത്തരത്തിലുള്ള ചെകുത്താന്മാര്‍ക്ക് വളരാന്‍ പറ്റിയ രാജ്യമാണ് നമ്മുടേതെന്നും ഇത് ഭീകരാവസ്ഥയാണെന്നും ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

ചെകുത്താവതാരങ്ങളും അടിമകളും

---------------------------------
"ആൾദൈവം "എന്ന് മാധ്യമങ്ങൾ
പ്രചരിപ്പിക്കുന്നത്‌ തന്നെ ബോധപൂർവ്വമാണെന്ന് പറയേണ്ടിവരും-
ദൈവവിശ്വാസികളായവരെ കളിയാക്കുന്ന ഒന്നല്ലേ ഈ പ്രയോഗം ?
സത്യത്തിൽ ഇവർ ചെകുത്താന്റെ അവതാരങ്ങളല്ലേ? അപ്പോൾ ആൾദൈവം എന്നതിനു പകരം ചെകുത്താൻ എന്നും ആരാധകർ എന്നതിനു അടിമകൾ അല്ലെങ്കിൽ ചെകുത്താൻ സേവക്കാർ എന്നോ പറഞ്ഞുശീലിച്ചാൽ പാവം ദൈവ വിശ്വാസികളെങ്കിലും ഹാപ്പിയാകും- ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും‌

വളരാൻ പറ്റിയ മണ്ണാണൂ നമ്മുടെ രാജ്യം എന്ന് വീണ്ടും വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കയാണു -ഒരു ബലാൽസംഗിക്ക്‌ കോടതി ശിക്ഷവിധിക്കും മുൻപേ മുപ്പത്തിയാറൂപേരുടെ ജീവൻ ബലി നൽകേണ്ടി വരുന്ന ഒരവസ്‌ഥ ഭീകരമാണു-
ഇങിനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ

വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവർ ചെകുത്താൻ വിളയാട്ടങ്ങളിൽ നിശ്ശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല-
ഇവിടെയാണു ജൂഡിഷ്യറിയെ ആശ്രയിച്ചുമാത്രമെ ഈ രാജ്യത്ത്‌ ഒരാൾക്ക്‌ ജീവിക്കാനാവൂ എന്ന് ബോധ്യമാവുക -
ഇതിനുമുൻപും ധീരമായ വിധിന്യായങ്ങളിലൂടെ അലഹബാദ്‌ ഹൈക്കോടതി ഇൻഡ്യൻ ജനതക്ക്‌ പ്രത്യാശ നൽകിയിട്ടുണ്ട്‌-
രാജ്യത്ത്‌ സ്വേഛാധിപത്യത്തിന്റെ അടിയന്തിരം നടത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1971 ലെ തെരഞ്ഞെടുപ്പിൽ
അധികാര ദുർവ്വിനിയോഗം നടത്തിയതിന്റെ പേരിൽ ആറു വർഷത്തേക്ക്‌ അയോഗ്യയായി
പ്രഖ്യാപിച്ച അതേ അലഹബാദ്‌ ഹൈക്കോടതി ഇപ്പോൾ ഇതാ ബലാൽസംഗകേസിൽ അഞ്ചുകോടി അടിമകളുള്ള ആൾചെകുത്താനെ അറസ്റ്റ്‌ ചെയ്യാൻ കാണിച്ച
ധീരതക്ക്‌ പുറമെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്കുള്ള തുക ആൾചെകുത്താന്റെ സ്വത്തിൽനിന്നും
പിടിച്ചെടുക്കാനും ഉത്തരവിട്ടിരിക്കുന്നു-
വിദ്യാഭ്യാസത്തിന്റെ കുറവാണു ചെകുത്താൻ സേവ വർദ്ധിക്കാൻ കാരണം എന്ന് സ്‌ഥാപിച്ച്‌ ഇത്‌ ഒരു ഉത്തരേന്ത്യയിൽ
മാത്രമുള്ള പ്രതിഭാസമാണെന്ന് പറഞ്ഞൊഴിയാൻ വരട്ടെ -വായുവിൽ
നിന്ന് ഭസ്മവും സ്വർണ്ണ മോതിരവും വാച്ചും എടുക്കുന്നില്ലെങ്കിലും ‌

വിദ്യാസബന്നരെന്ന് മേനി നടിക്കുന്ന നമ്മുക്കിടയിലും ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും കുറവൊന്നുമില്ല-

ഇടക്കാലത്ത്‌ ഇതിനൊക്കെയെതിരെ അട്ടഹാസം
മുഴക്കിയിരുന്ന വിപ്ലവകാരികൾ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പത്തിമടക്കിയതു നമ്മൾ
കണ്ടതാണല്ലോ -അത് കൊണ്ട്‌ രാഷ്ട്രീയപാർട്ടികളുടെ പൊള്ള പ്രഖ്യാപങ്ങൾ അല്ല നമുക്ക്‌ വേണ്ടത്‌

ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ മനുഷ്യർക്കിടയിൽ അവതരിക്കുന്ന ചെകുത്താന്മാരെ പൂർണ്ണമായും തുടച്ചുനീക്കാൻ പ്രാപ്തമായ നിയമനിർമ്മാണം നടത്താൻ ഭരണകൂടത്തെ നിർബന്ധിതരാക്കും വിധം സുപ്രീംകോടതിയെ ഇടപെടീക്കലാണു -അഞ്ചു സ്ത്രീകൾ നടത്തിയ നിയമ യുദ്ധത്തിലൂടെ ഒരു സമുദായത്തിലെ മുഴുവൻ സ്ത്രീകൾക്കും
മുത്തലാഖ്‌ എന്ന അടിമത്തിൽ നിന്നും
മോചനം നേടിക്കൊടുക്കാൻ കഴിഞ്ഞ രാജ്യത്ത്‌. വിപ്ലവം തുപ്പുന്ന നിരവധി പാർട്ടികൾ നമുക്കുണ്ട്‌ .എന്നാൽ ഇതിലെ ഒരു അംഗമെങ്കിലും ഇത്തരം ചെകുത്താൻ സേവക്കെതിരെ

സുപ്രീംകോടതിയെ സമീപിക്കാൻ എന്നാണു ധൈര്യം
കാണിക്കുക!


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :