ചൂടിന് വിട! കേരളത്തില്‍ കാലവര്‍ഷമെത്തി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കനത്ത ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 13 സെന്‍റീമീറ്ററിന് മുകളില്‍ വരെ മഴ പെയ്യാന്‍ സാധ്യയുണ്ട്. ഇക്കുറി പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. കനത്ത മഴയ്ക്ക് മിന്നലിന്റെയും അകമ്പടിയുമുണ്ട്. ഇതോടെ കേരളത്തിലും ലക്ഷദ്വീപിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അത്യന്തം കനത്ത മഴ ലഭിക്കും.

പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികള്‍ കനത്ത ജാഗ്രത പാലിക്കണം എന്നാണ് അറിയിപ്പ്. പ്രതീക്ഷിച്ചതിലും രണ്ടുദിവസം മുമ്പേയാണു കാലവര്‍ഷമെത്തിയതെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ എം സന്തോഷ്‌ അറിയിച്ചു. ശക്തമായ കാറ്റാണു കാലവര്‍ഷം നേരത്തെയെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഏഴു മുതല്‍ 10 ദിവസത്തോളം തുടര്‍ച്ചയായ മഴ ലഭിക്കും. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മഴ സജീവമാവും.

ഇടുക്കി, കോട്ടയം ജില്ലകളിലാണു രണ്ടു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌. ഏറ്റവും കൂടിയ തോതില്‍ മഴ രേഖപ്പെടുത്തിയതു കുമരകത്താണ്‌; 14 സെ.മീ. ചേര്‍ത്തല-12, ഇരിങ്ങാലക്കുട-11, കോട്ടയം, മങ്കൊമ്പ്‌-10, ഹരിപ്പാട്‌-9, കൊച്ചി എയര്‍പോര്‍ട്ട്‌, ആലുവ, കായംകുളം, വൈക്കം-8, കോഴിക്കോട്‌-7, കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌-6, ചെങ്ങന്നൂര്‍-5 സെ.മീ. വീതം മഴ രേഖപ്പെടുത്തി.

ഈ വര്‍ഷം കനത്ത കാലവര്‍ഷം ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ നാലു കിലോമീറ്റര്‍ കൂടി. കേരളതീരത്തും ലക്ഷദ്വീപ്‌ തീരത്തും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലാവാന്‍ സാധ്യതയുള്ളതില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കാനും നിര്‍ദേശമുണ്ട്‌. ആന്തമാന്‍ തീരത്തെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണു കേരള തീരത്തേക്ക്‌ എത്തിയത്‌.

അതേസമയം മാര്‍ച്ച്‌ ഒന്നുമുതലുള്ള കാലയളവില്‍ ലഭിക്കേണ്ട വേനല്‍ മഴയില്‍ ഇത്തവണ 30 ശതമാനം കുറവുണ്ടായിട്ടുണ്ട്‌. കണ്ണൂരാണ്‌ വേനല്‍മഴ ഏറ്റവും കുറഞ്ഞത്‌. 60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്‌ ജില്ലയില്‍ മാത്രമാണ്‌ ഇത്തവണ ലഭിക്കേണ്ടതിനെക്കാള്‍ അധികം വേനല്‍മഴ കിട്ടിയിരിക്കുന്നത്. കാലവര്‍ഷത്തില്‍ 204 സെന്റിമീറ്റര്‍ മഴയാണു കേരളത്തില്‍ ലഭിക്കേണ്ടത്‌. ഇത്തവണ 98 ശതമാനം മഴ ലഭിക്കുമെന്നാണു പ്രതീക്ഷ..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :